ചോക്കാട് പഞ്ചായത്ത് വാഹന ഡ്രൈവര്‍ തസ്തികയെചൊല്ലി തര്‍ക്കം; യൂത്ത് കോണ്‍ഗ്രസില്‍നിന്ന് കൂട്ടരാജി

കാളികാവ്: ഗ്രാമ പഞ്ചായത്ത് വാഹനത്തിൽ ഒഴിവ് വരുന്ന ഡ്രൈവര്‍ തസ്തികയില്‍ ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചോക്കാട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം. ചില മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചതായും സൂചനയുണ്ട്. നിലവില്‍ പഞ്ചായത്തില്‍ ഡ്രൈവറായിരുന്ന റജീബിന് പി.എസ്.സി നിയമനമായിട്ടുണ്ട്. ഇതോടെ ഒന്നാം തീയതി മുതല്‍ ഒഴിവുവരുന്ന തസ്തികയിലേക്ക് കോപ്പിലാന്‍ നജീബ് എന്നയാളെ നിയമിക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യം പൂർണമായി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ല. ആദ്യ പകുതി കോണ്‍ഗ്രസിനും രണ്ടാമത്തെ ടേം യൂത്ത് കോണ്‍ഗ്രസിനും നല്‍കാൻ മധ്യസ്ഥ ശ്രമം നടന്നെങ്കിലും ധാരണയായില്ല. ഇതോടെയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ ഭിന്നത ഉടലെടുത്തത്. മണ്ഡലം പ്രസിഡൻറ് അറക്കല്‍ സക്കീര്‍ ഹുസൈൻ, വൈസ് പ്രസിഡൻറുമാരായ റാഫി മമ്പാട്ടുമൂല, നജീബ് ചോക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള മുഴുവന്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളും നിയോജക മണ്ഡലം ഭാരവാഹികളായ ബി.കെ. മുജീബ് റഹ്മാന്‍, നീലാമ്പ്ര സിറാജുദ്ദീന്‍ എന്നിവരും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കൂട്ടരാജി എന്നാണ് അറിയുന്നത്. യൂത്ത് കോണ്‍ഗ്രസിന് പുറമെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ മുള്ളന്‍ അശ്റഫ്, കബീര്‍, ഇല്ല്യാസ് എന്നിവരും കമ്മിറ്റിയില്‍ രാജിക്ക് തയാറായിട്ടുണ്ട്. ഇതിനിടെ, ചോക്കാട് മണ്ഡലം കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാർലമ​െൻററി പാര്‍ട്ടി യോഗത്തില്‍ മുന്‍ മെംബറായ വി.പി. മുജീബിനെ ഡ്രൈവറാക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച കത്തും യു.ഡി.എഫ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പിലൂടെയാണ് മുജീബിനെ തെരഞ്ഞെടുത്തത്. തര്‍ക്കത്തിലായിരുന്ന ലീഗും കോണ്‍ഗ്രസും മുന്നണി സംവിധാനത്തിലേക്ക് വന്നപ്പോള്‍ യു.ഡി.എഫ് സംവിധാനം നിലനിര്‍ത്താന്‍ ഉണ്ടാക്കിയ ധാരണയും കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും വാര്‍ഡുകള്‍ തുല്യമായിട്ടായിരിക്കും മത്സരിക്കുക. ഇത് ലീഗിന് അടിയറ വെക്കലാണെന്നും കരാര്‍ പരസ്യപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം, യൂത്ത് കോണ്‍ഗ്രസിലെ രാജിവിവരം അറിയില്ലെന്നാണ് മണ്ഡലം പ്രസിഡൻറ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നത്. പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.