ഭാസ്കരൻ നായരുടെ ഓർമകൾക്ക് ഏഴുപതിറ്റാണ്ടി‍െൻറ തിളക്കം

കരുവാരകുണ്ട്: ഇത് ചെമ്പൻകുന്നിലെ വലിയവീട്ടിൽ ഭാസ്കരൻ നായർ. വയസ്സ് 84. ഏഴുപതിറ്റാണ്ട് മുമ്പ് മുതലുള്ള കരുവാരകുണ്ടി‍​െൻറ സാമൂഹിക-രാഷ്ട്രീയ ചരിത്രം ഇന്നും തിളങ്ങി നിൽക്കുകയാണ് ഈ റിട്ട. ബാങ്ക് ജീവനക്കാര‍​െൻറ ഓർമകളിൽ. 1934ൽ ജനിച്ച ഭാസ്കരൻ നായർ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷമാണ് കരുവാരകുണ്ട് സർവിസ് സഹകരണ ബാങ്കിൽ അറ്റൻഡറായി കയറുന്നത്. മാനേജറായാണ് പിരിഞ്ഞത്. കരുവാരകുണ്ടി‍​െൻറ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന നിരവധി മഹത്തുക്കളോടൊപ്പമായിരുന്നു ഇദ്ദേഹത്തി‍​െൻറ യൗവനകാലം. സാഹിത്യ തൽപരനായ തൃക്കടീരി മനയ്ക്കൽ വാസുദേവൻ നമ്പൂതിരി, വിദ്യാഭ്യാസ പ്രവർത്തകൻ അച്യുതൻ നായർ, മതപണ്ഡിതൻ സി.എൻ. അഹമ്മദ് മൗലവി, സാമൂഹിക പ്രവർത്തകരായിരുന്ന എൻ.യു.കെ മൗലവി, ഒ. കുട്ടി മുസ്‌ലിയാർ, നാടക-സിനിമ അഭിനേതാവ് എം.എൻ. നമ്പൂതിരി എന്നിവരാണവരിൽ പ്രധാനികൾ. തൊഴിലാളി നേതാവ് സഖാവ് കുഞ്ഞാലി, മുൻമന്ത്രി ആര്യാടൻ മുഹമ്മദ് എന്നിവരും അടുത്ത പരിചയക്കാർ. ഭാസ്കരൻ ജീവനക്കാരനായിരുന്ന ബാങ്കി‍​െൻറ ഡയറക്ടറായിരുന്നു കുഞ്ഞാലി. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പ്രതിഭ ഗ്രന്ഥശാല എന്നിവ സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ചു. കലാസമിതികൾ രൂപവത്കരിക്കുന്നതിലും നാടക പ്രവർത്തനങ്ങളിലും തൽപരനായ ഭാസ്കരൻ 'കണ്ടം ബെച്ച കോട്ട്' എന്ന നാടകത്തിൽ വേഷവും ചെയ്തു. വാസുദേവൻ നമ്പൂതിരിയുടെ വീട്ടിൽവെച്ചാണ് എം.ടിയും എൻ.പി. മുഹമ്മദും 'അറബിപ്പൊന്ന്' എന്ന നോവൽ എഴുതിയത്. അവരുടെ സഹായിയായിനിന്നതും ഭാസ്കരൻ നായരുടെ മറക്കാനാവാത്ത ഓർമയാണ്. സേവനരംഗത്തും നിറഞ്ഞുനിന്ന ഇദ്ദേഹത്തി‍​െൻറ ശ്രമഫലമായാണ് വാക്കോട്-ചെമ്പൻകുന്ന് റോഡ് യാഥാർഥ്യമായത്. ഒരു തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. വത്സലയാണ് ഭാര്യ. ഒരു മകനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.