ജലദിനം: ഉറവകള്‍ അടഞ്ഞ് നീരൊഴുക്ക് കുറഞ്ഞ് കാളികാവ് അടക്കാകുണ്ട് പുഴ

കാളികാവ്: ഒരു കാലത്ത് നിറഞ്ഞ് ജലസമൃദ്ധിയിലായിരുന്ന കാളികാവ് പുഴ വേനല്‍ മധ്യത്തിലെത്തുമ്പോള്‍തന്നെ മെലിഞ്ഞുണങ്ങിയ നിലയിൽ. സൈലൻറ് വാലി മലനിരയോട് ചേര്‍ന്ന് കേരള എസ്‌റ്റേറ്റ്-ആര്‍ത്തല എസ്‌റ്റേറ്റ് എന്നിവയോട് ചേര്‍ന്ന് ഉത്ഭവിക്കുന്ന കല്ലന്‍പുഴയെന്ന അരിമണല്‍പുഴയും അടക്കാകുണ്ട് പോത്തന്‍കാട്ടിനും മുകളില്‍നിന്ന് ഒലിച്ചിറങ്ങുന്ന ചെറുചോലകള്‍ ചേര്‍ന്ന ചെറുപുഴയും ചേര്‍ന്നാണ് കാളികാവ് പുഴയായി മാറുന്നത്. ഇത് പിന്നീട് പരിയങ്ങാട് പുഴയെന്ന പേരില്‍ കോട്ടപ്പുഴ, ചോക്കാടന്‍ പുഴ എന്നിവയുമായി ലയിച്ച് കുതിരപ്പുഴയായി മാറുന്നു. പിന്നീട് വടപുറത്തിന് സമീപം ഈ പുഴ ചാലിയാറില്‍ ചേരുകയാണ് ചെയ്യുന്നത്. ഉമ്മച്ചന്‍ കാടിനും പോത്തന്‍കാടിനുമിടയില്‍നിന്നും വരുന്ന ഈ അരുവി ഇപ്പോള്‍ മൂന്ന് ദശകത്തോളമായി മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. പരിസ്ഥിതിയില്‍വന്ന സാരമായ മാറ്റത്തോടെ മഴയില്‍ ഭൂമിയിലിറങ്ങുന്ന വെള്ളത്തില്‍ നേരിയൊരംശം മാത്രമാണ് ഉറവയായി മാറുന്നത്. ഉറവകള്‍ നശിച്ചതോടെ വേനലില്‍ പുഴ വേഗം ഇടവറ്റി ഒഴുക്ക് നിലക്കുന്നു. മലവാരത്തെ കാര്‍ഷിക രീതിയില്‍വന്ന മാറ്റത്തോടെ അന്തരീക്ഷ താപനില ഉയര്‍ന്നത് ഇതിന് കാരണമാണെന്നാണ് പറയപ്പെടുന്നത്. നിത്യഹരിത സസ്യങ്ങള്‍ വെട്ടിനശിപ്പിച്ചുള്ള വനനശീകരണം ശക്തമായതും ഉറവകള്‍ ഇല്ലാതാവാന്‍ കാരണമായി. പുഴ കൈയേറ്റവും ജല ചൂഷണവും ഇതിന് ആക്കം കൂട്ടി. കാളികാവ് ഗ്രാമത്തെ അടക്കം വെള്ളം നല്‍കി സേവിക്കേണ്ട പുഴയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.