ജനമൈത്രിയുടെ സ്നേഹത്തണലിൽ വേലായുധന്​ സ്വപ്​നഭവനം

മമ്പാട്: പൊലീസും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ച ജനമൈത്രി പദ്ധതിയിൽ വേലായുധനും കുടുംബത്തിനും സ്വന്തമായത് 'സ്നേഹഭവനം'. പ്ലാസ്റ്റിക് ഷീറ്റ് ദ്രവിച്ച് മഴ മുഴുവൻ വീടിനുള്ളിൽ പെയ്യുന്ന രാവുകളെ ഇരുന്ന് വെളുപ്പിക്കേണ്ടി വന്ന പന്തലിങ്ങൽ ആശാരിക്കുന്നിലെ വേലായുധനും കുടുംബത്തിനുമാണ് പൊലീസി​െൻറ നേതൃത്വത്തിൽ വീടൊരുക്കിയത്. 700 ചതുരശ്രയടിയിൽ മൂന്ന് കിടപ്പുമുറികളോട് കൂടിയ ടൈൽസിട്ട വീടാണ് ഒരുക്കിയത്. കുടുംബത്തി​െൻറ ദയനീയത അറിയാൻ നാട്ടുകാരുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ പൊലീസ് കാണുന്നത് അങ്ങേയറ്റം ദുരിതപൂർണമായ കാഴ്ചയാണ്. അച്ഛനുമമ്മയും മൂന്ന് ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ മൂന്നുപേരും ഭിന്നശേഷിക്കാർ. വേലായുധന് ആശാരിപ്പണിയായിരുന്നെങ്കിലും പാർക്കിൻസൺസ് വന്നതോടെ പണി നിർത്തി. ഭാര്യക്ക് നടക്കാൻ ശേഷിക്കുറവ്. ഇളയ മകൻ ഭിന്നശേഷിക്കാരനാണ്, രാത്രിയിൽ ഇടയ്ക്കിടെ അക്രമവാസനയും ബഹളവും. ഒരാളും ജോലിക്കു പോകുന്നില്ല, വരുമാനവുമില്ല!. കലക്ടറുടെ പ്രത്യേക നിർദേശ പ്രകാരം അംഗൻവാടിയിൽ പാചകം ചെയ്യുന്ന ഭക്ഷണം കൊണ്ടുവന്ന് കൊടുക്കുന്നതു കൊണ്ട് ജീവൻ നിലനിൽക്കുന്നു. ആധാർ കാർഡോ, ഇലക്ഷൻ ഐ.ഡി കാർഡോ, എന്തിന് റേഷൻ കാർഡു പോലും സ്വന്തമായില്ല!. ഇരിക്കാൻ ഒരു കസേര കൂടിയില്ലാത്ത ആ വീട്ടിൽ നിന്ന് പൊലീസുകാർ നാട്ടുകാരോട് ചോദിച്ചു: ഇവർക്കായി നമുക്ക് ഒരു വീടു നിർമിച്ചാലോ? ആ ചോദ്യത്തി​െൻറ ഉത്തരം സഫലമായതി​െൻറ ആഹ്ലാദമായിരുന്നു കഴിഞ്ഞദിവസം പൊലീസി​െൻറയും നാട്ടുകാരുടെയും മുഖത്ത്. സഹായ കമ്മിറ്റി രൂപവത്കരിച്ച് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയെങ്കിലും കാര്യമായ സഹായം ലഭിക്കാത്തതിനാൽ സ്പോൺസർഷിപ്പിലൂടെയാണ് വീടു നിർമാണത്തിന് തുക കണ്ടെത്തിയത്. പഞ്ചായത്തിൽനിന്ന് രണ്ട് ലക്ഷവും കിട്ടി. സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റും യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയാണ് ഉദ്ഘാടനവും താക്കോൽ ദാനവും നിർവ്വഹിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം സലീന ഷുക്കൂർ അധ്യക്ഷത വഹിച്ചു. എസ്.ഐ കെ.എം. ബിജു മുഖ്യസന്ദേശം നൽകി. കെ. തസ്നി റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. നൂന മർജ വിളക്ക് തെളിയിച്ചു. എസ്.ഐമാരായ സുനിൽ പുളിക്കൽ, മനോജ് പറയട്ട, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി കെ. യൂസുഫ്, യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹി എം. അജേഷ് തുടങ്ങിയവർ സംസാരിച്ചു. എം.കെ. മുബാറക് സ്വാഗതവും നിലമ്പൂർ എ.എസ്.ഐ ശശി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.