രാമരാജ്യ രഥയാത്ര: കോയമ്പത്തൂരിൽ അഞ്ഞൂറോളം പേർ അറസ്​റ്റിൽ

കോയമ്പത്തൂർ: വിശ്വഹിന്ദു പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ അയോധ്യയിൽനിന്ന് പുറപ്പെട്ട രാമരാജ്യ രഥയാത്രക്ക് തമിഴ്നാട്ടിൽ അനുമതി നൽകിയതിലും വിവിധ സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, മനിതനേയ മക്കൾ കക്ഷി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റോഡ് തടയൽ സമരം നടത്തി. ചൊവ്വാഴ്ച രാവിലെ കേരളത്തിൽനിന്ന് പുനലൂർ, ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് പ്രവേശിച്ച രഥയാത്രക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് പ്രഫ. എം.എച്ച്. ജവഹറുല്ല, തിരുമാവളവൻ, വേൽമുരുകൻ, തിരുമുരുകൻ ഗാന്ധി, കൊളത്തൂർ മണി തുടങ്ങിയവർ അറസ്റ്റിലായത്. ഇതോടെ സംസ്ഥാന വ്യാപകമായി വിവിധ സംഘടനകളിൽപ്പെട്ട പ്രവർത്തകർ സമരരംഗത്തിറങ്ങുകയായിരുന്നു. കോയമ്പത്തൂർ ആത്തുപ്പാലത്തിന് സമീപം അഞ്ഞൂറോളം തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം പ്രവർത്തകർ ധർണ നടത്തി. ഒരുഘട്ടത്തിൽ പ്രവർത്തകർ റോഡ് തടയൽ സമരത്തിനൊരുങ്ങി. ഇൗ സമയത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊള്ളാച്ചി ഗാന്ധി പ്രതിമ പരിസരത്തും തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, തന്തൈ പെരിയാർ ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈകൾ തുടങ്ങിയ കക്ഷികളിൽപ്പെട്ട നൂറോളം പ്രവർത്തകർ റോഡ് തടയൽ സമരം നടത്തി അറസ്റ്റുവരിച്ചു. നഗരത്തിലെ ഉക്കടം പൊലീസ് സ്റ്റേഷന് മുന്നിൽ എസ്.ഡി.പി.െഎ പ്രവർത്തകർ ഉപരോധ സമരം നടത്തി. 75ഒാളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ പരിപാടികൾ മൂലം കോയമ്പത്തൂർ-പാലക്കാട് റോഡിൽ അരമണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.