പുലിപ്പേടിയിൽ...

ഐ.വി. ശശി സംവിധാനം ചെയ്ത ഹിറ്റ് സിനിമ മൃഗയയിലെ ഗ്രാമത്തിന് തുല്യമാണ് ഇപ്പോൾ കിഴക്കഞ്ചേരി പഞ്ചായത്തിലെ കോട്ടേക്കളമെന്ന പ്രദേശം. ഏതു നിമിഷവും പുലി ആർക്കു മുന്നിലും ചാടിവീഴാമെന്ന ഭീതിയിൽ കഴിയുകയാണ് ഇവിടത്തെ ആളുകൾ. പേടിയില്ലാതെ പുറത്തിറങ്ങിയിട്ട് നാളുകളേറെയായി. നാട്ടിലെങ്ങും സംസാരവിഷയം പുലിയാണ്. റബർ ടാപ്പിങ്ങാണ് ഇവിടത്തെ മുഖ്യ വരുമാന മാർഗങ്ങളിലൊന്ന്. ടാപ്പിങ്ങിന് പുലർച്ച പോകണം. എന്നാൽ, ഇപ്പോൾ സൂര്യനുദിച്ചതിന് ശേഷമാണ് തൊഴിലാളികൾ ടാപ്പിങ്ങിന് പോകുന്നത്. രാത്രി വൈകിയുള്ള പുരുഷജനങ്ങളുടെ വെടിവട്ടവും ന്യൂെജൻ പിള്ളേരുടെ ചെത്തിനടക്കലുമൊന്നും ഇപ്പോൾ ഇവിടെ നടക്കില്ല. അതിരാവിലെ മദ്റസയിലേക്ക് പോകുന്ന കുട്ടികളും പാലുമായി സൊസൈറ്റിയിലേക്ക് പോകുന്നവരും എല്ലാം ഭീതിയോടെ ഇടംവലം നോക്കുന്നു. ഏതെങ്കിലുമൊരു കുറ്റിക്കാട്ടിൽനിന്ന് തിളങ്ങുന്ന രണ്ട് കണ്ണുകൾ തങ്ങൾക്കുനേരെ തുറിച്ചു നോക്കുന്നുണ്ടോ എന്നറിയാൻ. ഭീതിവിതറിയ പുലിയെ കീഴ്പ്പെടുത്തി നാടിനെ രക്ഷിക്കുന്ന ഒരു 'വാറുണ്ണി'യെ കാത്തിരിക്കുന്നുണ്ട് ഇവർ. പുലി വരുന്നേ പുലി... കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര പ്രദേശങ്ങളായ കോട്ടേക്കളം, പൂതനകയം, ഒടുക്കിഞ്ചോട്, പോത്തടി, കൊന്നക്കൽകടവ്, ദീപ്‌തി എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളാണ് ഭീതിയിൽ കഴിയുന്നത്. ഒരു തവണയല്ല, നിരവധി തവണ പുലിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഏഴ് കിലോമീറ്റർ ചുറ്റളവിലാണ് ഈ പ്രദേശങ്ങൾ കിടക്കുന്നത്. രണ്ടു കിലോമീറ്റർ അകലെ പീച്ചി വനമേഖലയാണ്. ഈ വനമേഖലക്ക് തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങളിലാണ് പുലിയെ കണ്ടെന്ന് നാട്ടുകാരിൽ പലരും പറയുന്നത്. ഒടുക്കിഞ്ചോട് ഇരുമലയിൽ സിബിയുടെ വീടി​െൻറ പിറകിലായി മകൻ തുഷാർ പുലിയെ കണ്ടതോടെയാണ് നാട്ടിലെ പുലിഭീതിക്ക് ചൂടുപിടിക്കുന്നത്. പുലി തുഷാറി​െൻറ മുന്നിലൂടെ കടന്നുപോയെന്നായിരുന്നു പറഞ്ഞത്. ഇവിടെനിന്ന് വിളിപ്പാടകലെ നിലപ്പന ടോമിയുടെ വീടി​െൻറ സമീപത്തുനിന്ന് പട്ടിയെ കൊന്നുതിന്നതി​െൻറ അവശിഷ്ടവും കണ്ടതോടെ ഭയം വർധിച്ചു. പിന്നീട് പലതവണ, റബർ തോട്ടങ്ങളിൽനിന്നും കുറ്റിക്കാട്ടിൽനിന്നും പുലിയെ കണ്ടെന്ന വാർത്തകൾ വന്നു. ജനം പുറത്തിറങ്ങാതായി. ടാപ്പിങ്ങിന് പോയവർ സമയം മാറ്റി. ആളുകൾ നേരം ഇരുട്ടുന്നതിന് മുമ്പേ വീടണഞ്ഞു. നാട്ടിലിറങ്ങുന്നത് ഒന്നിലേറെ പുലിയാണെന്നും അഭ്യൂഹം പരന്നു. പീച്ചി വനമേഖലയിൽ പകൽസമയത്തും പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ പറഞ്ഞതോടെ ഭീതി വർധിച്ചു. താമരപ്പള്ളി മതിലിങ്കലിലെ റബർ തോട്ടത്തിലാണ് പകൽ പുലിയെ കണ്ടത്. രാവിലെ ഏഴുമണിയോടെ തോട്ടത്തിലെത്തിയ തൊഴിലാളികൾ പുലി വളർത്തുനായയെ ഓടിക്കുന്നതാണ് കണ്ടത്. അന്നേദിവസം വൈകീട്ട് കാടുവെട്ടുന്ന സ്ത്രീതൊഴിലാളികളും പുലിയെ കണ്ട് ഭയന്നോടി. മംഗലം ഡാം പ്രദേശത്തും പുലിയെ കണ്ടതായി വാർത്തകൾ പരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.