കൽപാത്തിയിൽ പൂട്ടിക്കിടന്ന നാലു വീടുകളിൽ മോഷണം

പാലക്കാട്: നഗരത്തെ ഞെട്ടിച്ച് കല്‍പ്പാത്തിയിലെ പൂട്ടിക്കിടന്ന വീടുകളിൽ മോഷണം. ചാത്തപ്പുരം ജില്ല ഹോമിയോ ആശുപത്രിക്ക് സമീപത്തും കുമരപുരത്തുമായി പൂട്ടിക്കിടന്ന നാലു വീടുകളിലാണ് മോഷണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാർ, ടി.വി, സ്വര്‍ണം, വെള്ളി ആഭരണങ്ങൾ എന്നിവ മോഷണം പോയി. വീട്ടുടമസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. തിങ്കളാഴ്ച അർധ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് സൂചന. ചാത്തപ്പുരം ഹോമിയോ ആശുപത്രിക്ക് സമീപം വൈദ്യനാഥ​െൻറ വീട്ടില്‍നിന്ന് മാത്രം പത്തു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഹുണ്ടായ് ഐ-10 കാറും ടെലിവിഷനും സ്വര്‍ണവും ഇവിടെനിന്നാണ് നഷ്ടപ്പെട്ടത്. മക്കളെ കാണാന്‍ കുടുംബസമേതം ഫെബ്രുവരി അവസാനമാണ് ഇവര്‍ വിദേശത്തുപോയത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മോഷണവിവരം ആദ്യമറിഞ്ഞത്. വീടി​െൻറ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകള്‍ തകർത്ത് ഉള്ളിലുള്ള സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ടി.വിയും ആഭരണങ്ങളും കൈക്കലാക്കിയശേഷം താക്കോല്‍ എടുത്ത് കാറും ഓടിച്ചുപോയതായാണ് നിഗമനം. മറ്റു മൂന്നു വീടുകളിലും മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. ഒരു വീട് കുറേ കാലമായി അടഞ്ഞുകിടക്കുന്നതിനാല്‍ ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടമായിട്ടില്ലെന്നാണ് കരുതുന്നത്. ഈ വീടുകളിലുള്ളവർ അടുത്തിടെ ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് പോയത്. വീട്ടുടമസ്ഥര്‍ സ്ഥലത്തെത്തിയാലെ ഇവിടങ്ങളില്‍നിന്ന് നഷ്ടപ്പെട്ടതി​െൻറ വിവരം ലഭ്യമാവൂ. സംഭവമറിഞ്ഞ് പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാര്‍, ടൗണ്‍ നോര്‍ത്ത് സി.ഐ ആര്‍. ശിവശങ്കരന്‍, എസ്.ഐ ആര്‍. രഞ്ജിത്, ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ തെളിവു ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.