ഷൗക്കത്തലിക്കെതിരെ നടപടി: മുസ്‌ലിം ലീഗിൽ ഭിന്നത

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും പാർട്ടി പ്രവർത്തക സമിതി അംഗവുമായ പി. ഷൗക്കത്തലിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന നിർദേശം മുസ്‌ലിം ലീഗിൽ വിഭാഗീയതക്ക് കളമൊരുക്കി. നടപടിക്ക് ജില്ല അച്ചടക്ക സമിതിയോട് ശിപാർശ ചെയ്യാൻ യോഗം തീരുമാനിച്ചതായി പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. എന്നാൽ കാരണം കാണിക്കൽ നോട്ടീസിനുള്ള ഷൗക്കത്തലിയുടെ മറുപടി ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേർന്ന ലീഗ് പ്രവർത്തക സമിതി ബഹളത്തിൽ കലാശിച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്നും നടപടിക്ക് ജില്ല അച്ചടക്ക സമിതിയോട് ശിപാർശ ചെയ്യണമെന്നുമാണ് ഒരു വിഭാഗം വാദിച്ചത്. എന്നാൽ മറ്റൊരു വിഭാഗം ഇതിനെ എതിർത്തു. അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തു എന്ന് പ്രസിഡൻറ് പറയുമ്പോൾ അങ്ങനെ തീരുമാനമുണ്ടായിട്ടില്ലെന്നാണ് മറുവിഭാഗം പറയുന്നത്. ബഹളത്തിൽ മുങ്ങിയതിനാൽ യോഗത്തിൽനിന്ന് പലരും ഇറങ്ങിപ്പോരുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇങ്ങനെ ഒരു ശിപാർശ രേഖാമൂലം ഇതുവരെ മേൽഘടകത്തിലേക്ക് പോയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പി. ഇമ്പിച്ചിക്കോയ തങ്ങളും പറഞ്ഞു. അതിനിടെ, ഷൗക്കത്തലിയെ പിന്തുണക്കുന്ന വിഭാഗം ഞായറാഴ്ച പുന്നക്കാട് ചുങ്കത്ത് യോഗം ചേർന്നു. നടപടിയെടുക്കുന്ന പക്ഷം പാർട്ടി തലത്തിൽ തന്നെ അതിനെ ചെറുക്കാനാണ് തീരുമാനമെന്നറിയുന്നു. ഷൗക്കത്തലിക്ക് സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അതുപയോഗിച്ച് നടപടിയിൽനിന്ന് ഒഴിവാകാൻ അദ്ദേഹം ശ്രമം നടത്തും. എന്നാൽ നടപടി എടുത്തേ പറ്റൂ എന്ന നിലപാടിലാണ് പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളിലെ ചിലർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.