കാട്ടുതീ: മരണം 11, രക്ഷപ്പെട്ടത്​ 25 പേർ

തേനി (തമിഴ്നാട്): കേരള-തമിഴ്നാട് അതിർത്തിയിലെ കൊളുക്കുമല സന്ദര്‍ശിച്ചു മടങ്ങിയ കോളജ് വിദ്യാര്‍ഥികളടങ്ങുന്ന ട്രക്കിങ് സംഘം കാട്ടുതീയില്‍ അകപ്പെട്ട ദാരുണസംഭവത്തിൽ മരിച്ചത് ഏഴ് വനിതകളടക്കം 11 പേർ. കന്യാകുമാരി സ്വദേശി വിപിൻ ദാമോദരൻ (29), ഇൗറോഡ് സ്വദേശി തമിഴ്ശെൽവൻ തങ്കരാജ് (26), കുംഭകോണം സ്വദേശി അഖില കൃഷ്ണമൂർത്തി (26), കടലൂർ സ്വദേശിനി ശുഭ ശെൽവരാജ് (26), ചെന്നൈ പൂനമല്ലി സ്വദേശി അരുൺ പ്രഭാകർ (35), ചെന്നൈ ശ്രീപെരുമ്പത്തൂർ സ്വദേശി പുനിത ബാലാജി (25), മധുര സ്വദേശി ഹേമലത (28), ഇൗറോഡ് സ്വദേശി ദിവ്യ മുത്തുകുമാർ (25), ഇൗറോഡ് സ്വദേശി വിവേക് (28), ഭാര്യ മധുര സ്വദേശി ദിവ്യ, ചെെന്നെ സ്വദേശി നിഷ അരുളൊഴി (30) എന്നിവരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പൊള്ളലേറ്റ് അതിഗുരുതരാവസ്ഥയിലായ മൂന്നുപേരടക്കം 25 പേർ മധുരയിലെയും തേനിയിലെയും മെഡിക്കൽ കോളജുകളിൽ ചികിത്സയിലാണ്. തേനി ജില്ലയിലെ കൊരങ്ങിണി വനത്തിൽ പടർന്ന തീയിൽ ഞായറാഴ്ചയാണ് 36 അംഗസംഘം അകപ്പെട്ടത്. ഹെലികോപ്ടർ ഉപയോഗിച്ചും മറ്റും 25 പേരെ രക്ഷപ്പെടുത്തി. മൂന്നുപേർ മലകയറ്റത്തി​െൻറ തുടക്കത്തിൽ തന്നെ പിൻവാങ്ങിയിരുന്നു. 20 മണിക്കൂറിനുശേഷമാണ് കാട്ടുതീ നിയന്ത്രണവിധേയമായത്. െചങ്കുത്തായ പ്രദേശത്ത് രക്ഷാപ്രവർത്തനം പ്രയാസമായതിനാൽ വ്യോമസേന കമാൻഡർമാർ ഉൾപ്പടെ എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് തീ തീർത്തും നിയന്ത്രണ വിധേയമാക്കാനായത്. ശനിയാഴ്ച കോയമ്പത്തൂർ ഇൗറോഡിൽനിന്ന് പുറപ്പെട്ട െഎ.ടി ജീവനക്കാരും വിനോദസഞ്ചാരികളും വിദ്യാർഥിനികളും ഉൾപ്പെട്ട സംഘം ഞായറാഴ്ച ഉച്ചക്കുശേഷം കൊളുക്കുമലയില്‍നിന്ന് കൊരങ്ങിണി വഴി തമിഴ്‌നാട്ടിലേക്ക് തിരികെ പോരവെയാണ് കാട്ടുതീയില്‍ അകപ്പെട്ടത്. തീ പടര്‍ന്നതോടെ സംഘം ചിതറിയോടി. നിരവധി പേർക്ക് വീണ് പരിക്കേറ്റു. പൊള്ളലേറ്റും കൊക്കയിൽ വീണ് പരിക്കേറ്റുമാണ് മരണമെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയും തേനി കലക്ടറും പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും ഇരുട്ടും പുകയും ഭൂമിയുടെ പ്രത്യേകതയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല. വ്യോമസേന ഹെലികോപ്ടർ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇറങ്ങാനായില്ല. തുടർന്ന് തിങ്കളാഴ്ച പുലർച്ചയാണ് ഫലപ്രദമായി രക്ഷാപ്രവർത്തനം നടന്നത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം നേതൃത്വം നൽകി. ലോകവനിത ദിനവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് സ്വകാര്യ ട്രക്കിങ് പരിശീലന കേന്ദ്രം മുഖേനയാണ് 36 അംഗസംഘം തേനിയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.