നിലമ്പൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതനെതിരെ കോൺഗ്രസിൽ പടയൊരുക്കം. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളാണ് പ്രസിഡൻറിനെതിരെ ശക്തമായ ആരോപണവുമായി രംഗത്തുവന്നത്. പ്രസിഡൻറ് ശൈലി മാറ്റണമെന്നാണ് കോൺഗ്രസ് അംഗങ്ങളുടെ ആവശ‍്യം. ബോർഡ് യോഗങ്ങളിൽ സംസാരിക്കുമ്പോൾ പ്രസിഡൻറ് ഇടപെട്ട് പൂർത്തീകരിക്കാൻ അനുവദിക്കുന്നില്ലെന്നും അംഗങ്ങളെ മാനിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നുമാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ബോർഡ് യോഗത്തിൽ കോൺഗ്രസിലെ ചില അംഗങ്ങളും ലീഗ് അംഗങ്ങളും പ്രസിഡൻറിനെ എതിർത്ത് സംസാരിച്ചിരുന്നു. പ്രസിഡൻറ് ശൈലി മാറ്റണമെന്ന കാര‍്യത്തിൽ അംഗങ്ങൾ കടുംപിടുത്തത്തിലായതോടെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് വിഷയത്തിൽ ഇടപെട്ടു. ആര്യാടെൻറ മധ്യസ്ഥതയിൽ അദ്ദേഹത്തിെൻറ വസതിയിലായിരുന്നു അംഗങ്ങൾ യോഗം ചേർന്നത്. അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽക്കണമെന്നും ഇടയിൽ ഇടപെടുന്നത് ശരിയല്ലെന്നും ആര്യാടൻ നിർദേശം നൽകിയതായാണ് വിവരം. വെള്ളിയാഴ്ച നടക്കുന്ന ബോർഡ് യോഗത്തിന് മുന്നോടിയായാണ് കോൺഗ്രസ് അംഗങ്ങളുടെ യോഗം ആര‍്യാടൻ വിളിച്ചുചേർത്തത്. യോഗത്തിൽ പ്രസിഡൻറിനെതിരെ കോൺഗ്രസ് അംഗങ്ങളിൽനിന്നുതന്നെ രൂക്ഷമായ വിമർശനം ഉയരാൻ സാധ‍്യതയുണ്ടെന്ന് മുന്നിൽകണ്ടായിരുന്നു യോഗം വിളിച്ചത്. 13 അംഗ ബോർഡിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതിൽ ആറുപേരും പ്രസിഡൻറ് ശൈലി മാറണമെന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ബോർഡ് യോഗത്തിൽ ലീഗ് അംഗംകൂടിയായ വൈസ് പ്രസിഡൻറ് സജ്ന സഖരിയ ഉൾെപ്പടെയുള്ളവർ പ്രസിഡൻറ് പി.പി. സുഗതനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ശൈലി മാറ്റമെന്ന ആവശ്യമാണ് കോൺഗ്രസ് അംഗങ്ങൾ ഉയർത്തുന്നതെങ്കിലും നേതൃമാറ്റമാണ് ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന. 13 അംഗ ബോർഡിൽ കോൺഗ്രസ് 7, സി.പി.എം 4, മുസ് ലിം ലീഗ് 2 എന്നിങ്ങനെയാണ് കക്ഷിനില. ആര്യാടന് പുറമെ എടക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പാനായി ജേക്കബ്, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ. ഗോപിനാഥ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, കെ.പി.സി.സി അംഗം ആര്യാടൻ ഷൗക്കത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.