ലോക്കൽ കമ്മിറ്റി ഓഫിസിൽ കയറി ആക്രമണം; അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

വടക്കഞ്ചേരി: സി.പി.എം വണ്ടാഴി ലോക്കൽ കമ്മിറ്റി ഓഫിസിൽ പട്ടാപ്പകൽ അതിക്രമിച്ച് കയറി നാലുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. വണ്ടാഴി കമ്മാന്തറ ശാന്താനിവാസിൽ രതീഷ് (36), മാപ്പിളപ്പൊറ്റ മഹേഷ് (22), മുടപ്പല്ലൂർ മാത്തൂർ മൊക്കിൽ വീട്ടിൽ നിതിൻ (24), മാത്തൂർ ചേരാങ്കലം വീട്ടിൽ സുജിൻ (22), വണ്ടാഴി പുല്ലമ്പാടം രജീഷ് (മണിക്കുട്ടൻ -22) എന്നിവരെയാണ് ആലത്തൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ആക്രമണത്തിനുപയോഗിച്ച വാൾ, കമ്പിവടി, ഇരുമ്പ് പൈപ്പ് എന്നിവയും മൂന്ന് ബൈക്കുകളും കണ്ടെടുത്തു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബൈക്കുകളിലെത്തിയ അക്രമി സംഘം മാരകായുധങ്ങളുമായി മുഖം മൂടി ധരിച്ച് അക്രമണം അഴിച്ച് വിട്ടത്. അക്രമത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷക്കീർ (32), രാജേഷ് (32), ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് സുബിൻ (31), വണ്ടാഴി യൂനിറ്റ് സെക്രട്ടറി ഉബൈസ് (27) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഷക്കീർ, രാജേഷ് എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. ഓഫിസിലെ കസേര, അലമാര, മേശ ഉൾപ്പെടെയുള്ള ഫർണീച്ചറും നശിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കൂടാതെ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചന നടത്തിയവരെയും ഇവർ സഞ്ചരിച്ച ബൈക്കുകളുടെ ഉടമകളെയും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സംരക്ഷണമൊരുക്കിയവരെയും ഉടൻ അറസ്റ്റ് ചെയ്യും. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ആലത്തൂർ ഡിവൈ.എസ്.പി ഷംസുദ്ദീൻ, മംഗലംഡാം എസ്.ഐ എം. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.