മലപ്പുറം: 2017-18 സാമ്പത്തിക വർഷ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ചെലവഴിച്ചത് 53.38 ശതമാനം തുക മാത്രം. പദ്ധതി നിർവഹണത്തിൽ ഗ്രാമപഞ്ചായത്തുകളാണ് മുന്നിൽ. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ ഇതുവരെ 63.24 ശതമാനം തുക ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകൾ 47.24 ശതമാനവും നഗരസഭകൾ 51.71 ശതമാനവും തുക ചെലവഴിച്ചു. അതേസമയം, ജില്ല പഞ്ചായത്ത് 26.27 ശതമാനം തുകയാണ് ചെലവഴിച്ചതെന്നും ജില്ല ആസൂത്രണ സമിതി യോഗം വ്യക്തമാക്കി. ജില്ല ആസൂത്രണ സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 36 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതിൽ 29 ഗ്രാമപഞ്ചായത്തുകളും നാല് ബ്ലോക്കുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെടും. ഭേദഗതി നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ചാണ്. അതിനുശേഷം ഭേദഗതി നിർദേശം സമർപ്പിക്കുന്നതിനു സുലേഖ സോഫ്റ്റ്വെയറിൽ സൗകര്യമുണ്ടായിരിക്കില്ലെന്ന് ജില്ല പ്ലാനിങ് ഓഫിസർ പി. പ്രദീപ് കുമാർ അറിയിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയുടെ 5.63 കോടിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ അധിക കർമ പദ്ധതിയുടെ തൊഴിൽ ബജറ്റിന് യോഗം അനുമതി നൽകി. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അംഗങ്ങളായ ഇ.എൻ. മോഹൻദാസ്, സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, ഇസ്മായിൽ മൂത്തേടം, എ.കെ. അബ്ദുറഹ്മാൻ, സി. അബ്ദുന്നാസർ, സി.എച്ച്. ജമീല, ഷൈനി, എ.കെ. റഫീഖ, വി.പി. സുലൈഖ, സി. ജമീല അബൂബക്കർ, ആലിപ്പറ്റ ജമീല, എ.ടി. സജിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ സെക്രട്ടറി ടി. സത്യൻ, പ്രസിഡൻറ് എ.കെ. നാസർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.