കൃഷിസ്ഥലത്ത് കൂടി ഹൈപ്പർ ടെന്‍ഷന്‍ വൈദ്യുതിലൈന്‍; പ്രതിഷേധവുമായി കര്‍ഷകര്‍

പാലക്കാട്: തെങ്ങിന്‍തോപ്പില്‍ കൂടി ഹൈപ്പർ ടെന്‍ഷന്‍ വൈദ്യുതിലൈന്‍ ടവര്‍ സ്ഥാപിച്ച് വലിക്കാനുള്ള പവര്‍ഗ്രിഡ് നീക്കത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഒന്നു മുതല്‍ നാലുവരെ വാര്‍ഡിലെ കുലുക്കപ്പാറ, കുളറായിവളയം, പളനിയാര്‍വളയം, അത്തിക്കോട് പ്രദേശവാസികളായ കര്‍ഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കാര്‍ഷിക വിളകള്‍ നശിപ്പിച്ച് ലൈന്‍വലിക്കാന്‍ സമ്മതിക്കില്ലെന്നും ഇതിനെതിരെ കൊഴിഞ്ഞാമ്പാറ കര്‍ഷക കൂട്ടായ്മ രൂപവത്കരിച്ച് സമരത്തിനിറങ്ങുമെന്നും കര്‍ഷകരായ എ. ധര്‍മരാജ്, മൈക്കിള്‍ സ്വാമി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാഭ്യാസമില്ലാത്ത ചിലരില്‍നിന്ന് ഉദ്യോഗസ്ഥര്‍ സമ്മതപത്രം വാങ്ങിയെടുത്തത്. മാസം 10,000 രൂപ വാടക നല്‍കാമെന്നും പ്രലോഭിപ്പിച്ചു. എന്നാല്‍, തമിഴ്‌നാട്ടില്‍നിന്ന് തൃശൂരിലേക്കുള്ള വൈദ്യുതിലൈന്‍ വലിക്കാന്‍ ടവര്‍ സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നത്. കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാതെയാണ് അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. 44 മീറ്റര്‍ വീതിയിലാണ് ലൈൻ വലിക്കാന്‍ സ്ഥലം വിട്ടുനല്‍കേണ്ടത്. മാത്രവുമല്ല, ടവര്‍സ്ഥാപിക്കുന്നതി‍​െൻറ 90 മീറ്റർ ചുറ്റളവില്‍ പിന്നീട്, ഒരു നിര്‍മാണ പ്രവൃത്തിയും നടത്താനോ സാധിക്കില്ല. കൂടാതെ, തെങ്ങുകള്‍ മുറിച്ചുമാറ്റേണ്ടി വരും. എത്രതന്നെ നഷ്ടപരിഹാരം തന്നാലും മതിയാവാത്ത സ്ഥിതിയാണ് ഇതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് വില്ലേജിലും പഞ്ചായത്തിലും സമീപിച്ചപ്പോള്‍ അവര്‍ക്കൊന്നും അറിയില്ലെന്നാണ് പറയുന്നത്. പവര്‍ഗ്രിഡ് ഉദ്യോഗസ്ഥരും വിവരം നല്‍കുന്നില്ല. രണ്ടാഴ്ച മുമ്പ് പവര്‍ഗ്രിഡ് ഉദ്യോഗസ്ഥര്‍ ഭൂമി അളക്കാനെത്തിയപ്പോള്‍ നാട്ടുകര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് സംസാരിക്കാന്‍ പോലും തയാറായത്. ജോണ്‍ പെരിക്‌സ്, വൈ. ജോണ്‍, അമല്‍ദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.