താനൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം താനൂർ മണ്ഡലത്തിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ നൽകുന്നതാണെങ്കിലും ഇടതുപക്ഷ അടിത്തറക്ക് വലിയ രീതിയിൽ പരിക്കേൽപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യു.ഡി.എഫ് തരംഗത്തിനിടയിലും കഴിഞ്ഞ തവണ ഇടതു മുന്നണിയിൽനിന്നും പിടിച്ചെടുത്ത നിറമരുതൂർ പഞ്ചായത്ത് നിലനിർത്താൻ യു.ഡി.എഫിനായില്ലെന്നതും യു.ഡി.എഫ് സംവിധാനമില്ലാത്ത പൊന്മുണ്ടം പഞ്ചായത്തിൽ രൂപപ്പെട്ട കോൺഗ്രസ്-സി.പി.എം മുന്നണി ഭരണത്തിലെത്തിയതും യു.ഡി.എഫ് വിജയത്തിന്റെ തിളക്കം കുറക്കും.
ഇത് ഒഴിച്ചു നിർത്തിയാൽ എല്ലായിടത്തും വൻ മുന്നേറ്റമാണ് യു.ഡി.എഫിന് നേടാനായത്. താനൂർ നഗരസഭയിലും ഒഴൂർ,ചെറിയമുണ്ടം പഞ്ചായത്തുകളിലും ഭരണം നിലനിർത്താനായതിനോടൊപ്പം 22 വർഷത്തെ ഇടതു ആധിപത്യം തകർത്ത് താനാളൂർ പഞ്ചായത്ത് എൽ.ഡി.എഫിൽനിന്നും തിരിച്ചുപിടിക്കാനായതും യു.ഡി.എഫിന് നേട്ടമായി. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച ഭൂരിപക്ഷം ലഭിക്കാറുള്ള താനാളൂരിലെ വമ്പൻ തോൽവി എൽ.ഡി.എഫിന് ഭീഷണിയാണ്. പ്രാദേശിക വിഷയങ്ങൾ ചർച്ചയാകുന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കപ്പുറം രാഷ്ട്രീയ വോട്ടുകളാകുമെന്ന് കരുതുന്ന ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കും യു.ഡി.എഫിന്റെ വൻ മുന്നേറ്റം കൃത്യമായ സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ തവണ 16 ൽ 12 സീറ്റുകൾ നേടിയ യു.ഡി.എഫ് ഇത്തവണ താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്തിയത് 17ൽ 14 സീറ്റുകളും നേടിയാണ്. കഴിഞ്ഞ തവണ 16ൽ നാല് സീറ്റുകൾ നേടിയ എൽ.ഡി.എഫിന് ഇത്തവണ ആകെ സീറ്റുകൾ പതിനേഴായെങ്കിലും രണ്ട് സീറ്റുകളിലേ വിജയിക്കാനായുള്ളൂ. ഇത്തവണ പൊന്മുണ്ടം പഞ്ചായത്തിൽ നിന്നുള്ള ഒരു സീറ്റിൽ വിജയിച്ചത് യു.ഡി.എഫ് സംവിധാനമില്ലാതെ സ്വതന്ത്രനായി മത്സരിച്ച കോൺഗ്രസ് പ്രതിനിധിയാണ്. ജില്ല പഞ്ചായത്ത് താനാളൂർ ഡിവിഷനിൽ അഡ്വ.എ.പി. സ്മിജി വിജയിച്ചത് 6852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ പി.കെ.ഫിറോസിനെ മന്ത്രി വി. അബ്ദുറഹ്മാൻ പരാജയപ്പെടുത്തിയത് വെറും 985 വോട്ടുകൾക്കായിരുന്നു. പ്രതീക്ഷിച്ചപോലെ താനൂരിൽ യു.ഡി.എഫ് കോട്ടക്ക് ഇളക്കം തട്ടിയില്ല.
27 സീറ്റുകളോടെ മുസ്‍ലിം ലീഗും നാല് സീറ്റുകളുമായി കോൺഗ്രസും ഒരു യു.ഡി.എഫ് സ്വതന്ത്രനും ചേർന്ന് ആകെയുള്ള 45 ൽ 32 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ 31 സീറ്റുകളാണ് യു.ഡി.എഫിനുണ്ടായിരുന്നത്. ആകെ 44 സീറ്റുകളുണ്ടായിരുന്ന കഴിഞ്ഞ തവണ നേടിയ ആറ് സീറ്റുകളെന്നത് ഇത്തവണ നാലായി ചുരുങ്ങി. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി ഏഴു സീറ്റുകളുണ്ടായിരുന്നത് എട്ടാക്കി വർധിപ്പിച്ചെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കിയില്ല. ഒഴൂർ പഞ്ചായത്തിൽ ആകെയുള്ള 21 സീറ്റിൽ 11 സീറ്റ് കരസ്ഥമാക്കി യു.ഡി.എഫ് ഭരണം നിലനിർത്തി. പരമ്പരാഗത യു.ഡി.എഫ് കോട്ടയായ ചെറിയമുണ്ടം പഞ്ചായത്തിലും ഇത്തവണ യു.ഡി.എഫ് വൻമുന്നേറ്റമാണുണ്ടാക്കിയത്.
തിരിച്ചടികൾക്കിടയിലും എൽ.ഡി.എഫിന് ആശ്വാസമായത് സ്വന്തം ശക്തികേന്ദ്രമായിരുന്ന നിറമരുതൂർ പഞ്ചായത്ത് യു.ഡി.എഫിൽ നിന്നും തിരിച്ചു പിടിക്കാനായതാണ്. യു.ഡി.എഫ് സംവിധാനത്തിലല്ലാതെ മത്സരിച്ചു വരുന്ന പൊന്മുണ്ടം പഞ്ചായത്തിൽ ഇത്തവണ സി.പി.എമ്മിനൊപ്പം ചേർന്ന് കോൺഗ്രസ് രൂപം കൊടുത്ത ജനകീയ വികസന മുന്നണിയാണ് ഭരണം പിടിച്ചത്. ആകെയുള്ള 18 വാർഡുകളിൽ 13 ലും വിജയിച്ചാണ് ജനകീയ വികസന മുന്നണി ഭരണത്തിൽ എത്തിയത്. ബാക്കിയുള്ള നാലു വാർഡുകളിൽ ലീഗും ഒരു വാർഡിൽ ലീഗ് പിന്തുണയോടെ വെൽഫെയർ പാർട്ടിയും ആണ് വിജയിച്ചത്. മണ്ഡലത്തിലെ മികച്ച വിജയത്തിനിടയിലും പൊന്മുണ്ടത്തെ പ്രശ്നങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ താനൂരിലെ യു.ഡി.എഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാനിടയുണ്ട്.
വലിയ നേട്ടമുണ്ടാക്കുമെന്ന് കരുതിയിരുന്ന ബി.ജെ.പി താനൂർ നഗരസഭയിൽ നിലവിലുണ്ടായിരുന്ന ഏഴ് സീറ്റുകൾ വർധിപ്പിച്ച് എട്ടാക്കി പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിച്ചതും ഒഴൂർ പഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്തിയതും ഒഴിച്ചു നിർത്തിയാൽ മറ്റെവിടെയും നേട്ടമുണ്ടാക്കിയില്ല. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന എസ്.ഡി.പി.ഐക്ക് ചിലയിടത്ത് രണ്ടാം സ്ഥാനത്തെത്താനായതല്ലാതെ ഇത്തവണ സീറ്റുകളൊന്നും നേടാനായില്ല. യു.ഡി.എഫ് പിന്തുണയോടെ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ട വെൽഫെയർ പാർട്ടി താനൂർ ബ്ലോക്ക് പഞ്ചായത്തിലെ വട്ടത്താണി ഡിവിഷനിൽ വിജയം കണ്ടു. ലീഗ് പിന്തുണയോടെ പൊന്മുണ്ടം പഞ്ചായത്തിലും ഒരു പാർട്ടി പ്രതിനിധിയെ വിജയിപ്പിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.