പ്രതീകാത്മക ചിത്രം 

മ​ല​പ്പു​റം; ഇവിടെ യു.ഡി.എഫ് ഭദ്രം

മലപ്പുറം: യു.ഡി.എഫിന് പ്രത്യേകിച്ച് മുസ്‍ലിം ലീഗിന് ഏറെ മേൽക്കൈയുള്ള മലപ്പുറം മണ്ഡലത്തിലും യു.ഡി.എഫിന് വലിയ മുന്നേറ്റം. മുന്നണി ഭരിക്കുന്ന നഗരസഭയിലും ഗ്രാമപഞ്ചായത്തിലും പാർട്ടിക്ക് ആത്മ വിശ്വാസം വർധിപ്പിക്കുന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. എല്ലായിടത്തും വോട്ട് ക്രമാതീതമായി ഉയർന്നു. നേരത്തെ കൈയിൽനിന്ന് നഷ്ടപ്പെട്ട പല വാർഡുകളും തിരിച്ച് പിടിക്കാനായത് നേട്ടമാണ്. മലപ്പുറം നിയമസഭ മണ്ഡലത്തിന് കീഴിൽ വരുന്ന മലപ്പുറം നഗരസഭ, കോഡൂർ, പൂക്കോട്ടൂർ, മൊറയൂർ, പുൽപ്പറ്റ, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെല്ലാം ഇടതുപക്ഷ‍ത്തെ പിന്തള്ളി വോട്ട് നില ഉയർത്താൻ യു.ഡി.എഫിനായി.

കൂടാതെ 2020ൽ ഇടതുപക്ഷത്തായിരുന്ന പല കുത്തക വാർഡുകളും രാഷ്ട്രീയ അടിയൊഴുക്കിൽ നഷ്ടപ്പെടുന്നതിനും കാരണമായി. ഇടത് മുന്നണി പ്രതീക്ഷിക്കാത്ത വാർഡുകളിൽപോലും വൻ തിരിച്ചടി നേരിട്ടു. മലപ്പുറം നഗരസഭയിൽ തുടർച്ചയായി ജയിച്ച് വന്നിരുന്ന കാവുങ്ങൽ, കാളമ്പടി, മണ്ണാർക്കുണ്ട്, സിവിൽ സ്റ്റേഷൻ അടക്കം ഇടതിനെ കൈവിട്ടു. ആകെ 45 വാർഡിൽ 38വും യു.ഡി.എഫിനൊപ്പം നിന്നു. ഏഴ് വാർഡുകളാണ് ഇടതിനെ തുണച്ചത്. 2020ൽ 25 വാർഡുകളായിരുന്നു യു.ഡി.എഫിനുണ്ടായിരുന്നത്. കോഡൂർ ഗ്രാമപഞ്ചായത്തിൽ 2020ൽ 14ലുണ്ടായിരുന്ന യു.ഡി.എഫ് 21 ലേക്ക് കയറി. 2020ൽ എൽ.ഡി.എഫ് നില അഞ്ചിൽനിന്ന് രണ്ടിലേക്ക് വന്നു.

കോഡൂരിലെ ഏറെക്കാലം എൽ.ഡി.എഫിനെ പിന്തുണച്ച പാലക്കൽ വാർഡ് എൽ.ഡി.എഫിന് നഷ്ടമായി. പല വാർഡുകളിലും പയറ്റിയ സ്വതന്ത്ര സ്ഥാനാർഥി നീക്കവും ഫലം കണ്ടില്ല. പൂക്കോട്ടൂരിലും യു.ഡി.എഫ് നിലനിർത്തുകയായിരുന്നു. ഒരു വാർഡിൽ ഇടതുപക്ഷം ജയിച്ചിട്ടുണ്ട്. 23 വാർഡിൽ 21 വാർഡിലും യു.ഡി.എഫും ഒരു വാർഡിൽ എൽ.ഡി.എഫും ഒന്നിൽ സ്വതന്ത്ര സ്ഥാനാർഥിയുമാണ് ജയിച്ചത്. പുൽപ്പറ്റയിൽ സീറ്റ് നില ഉയർത്താനായത് യു.ഡി.എഫ് നേട്ടമായി. 2020ൽ 14 ആ‍യിരുന്നത് 18 ആയി യു.ഡി.എഫിന് ഉയർത്താനായി.

എൽ.ഡി.എഫിന് ഏഴിൽനിന്ന് ആറിലേക്കായി നില താഴ്ന്നു. മൊറയൂരിൽ 21 വാർഡിൽ 20ഉം യു.ഡി.എഫ് പിടിച്ചു. ഒരു സീറ്റുപോലും ഇടതിന് പിടിക്കാനായില്ല. ഒരു സ്വതന്ത്ര സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. 2020ൽ എൽ.ഡി.എഫിന് നാല് അംഗങ്ങളുള്ള സ്ഥാനത്താണ് 2025ൽ പൂജ്യത്തിലേക്ക് ചുരുങ്ങിയത്. ആനക്കയത്ത് 24 വാർഡുകളിൽ 21വും മികച്ച മുന്നേറ്റത്തോടെ യു.ഡി.എഫ് നേടി. 2020ൽ ഇടതുപ‍‍‍ക്ഷത്തിന് എട്ട് സീറ്റുകളുണ്ടായിരുന്നത് മൂന്നിലേക്ക് ഒതുങ്ങി. നിലവിലെ സ്ഥിതി നോക്കുമ്പോൾ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നില ഭദ്രമാക്കുന്ന മണ്ഡലമാകുമിത്. 2021ൽ 35,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ഉബൈദുല്ല മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്.

Tags:    
News Summary - Malappuram; UDF is strong here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.