തിരൂരങ്ങാടി: ചെമ്മാട് മാനീപാടം മലിനമാകുന്നതായി നാട്ടുകാരുടെ പരാതി. ചെമ്മാട് നഗരത്തിലെ അഴുക്കുചാൽ വഴിയും മത്സ്യ-മാംസ മാർക്കറ്റിൽനിന്നും മാനീപാടത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ഓഡിറ്റോറിയത്തിൽനിന്നുമാണ് മാലിന്യമെത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മാനീപാടത്തെ കടലുണ്ടി പുഴയോട് ബന്ധിക്കുന്ന തോടുവഴി മലിനജലമാണ് ഒഴുകുന്നത്. ദുർഗന്ധം കാരണം പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണ്. സ്ഥാപനങ്ങളിൽനിന്ന് മലിനജലം പാടത്തേക്ക് ഒഴുക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. മുമ്പ് നൽകിയ പരാതികൾക്ക് പരിഹാരം കാണാത്തതിനാൽ പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തി നഗരസഭ അധികൃതർക്കും ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പരാതി നൽകി. ഉടൻ പരിഹാരം ഉണ്ടാകാത്തപക്ഷം മറ്റു സമരമാർഗങ്ങളിലേക്ക് നീങ്ങുമെന്ന് വാർഡ് കൗൺസിലർ വി.വി. സുലൈമാൻ എന്ന കുഞ്ഞു അറിയിച്ചു. സി.എം. അലി, സി.പി. യഹ്യാസ്, വി.വി. മുഹമ്മദ്, സി.പി. അൻവർ സാദത്ത്, വി.വി. അവറാൻ, വി.വി. ഹംസ, സമാൻ അലി പാണഞ്ചേരി, സി.പി. ശിഹാബ് തുടങ്ങിയവർ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.