മഴക്കാല പരിശോധന: പിഴ ചുമത്തി

എടക്കര: മഴക്കാല രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ തടയുന്നതി​െൻറ ഭാഗമായി ആരോഗ്യ വകുപ്പും ചുങ്കത്തറ പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ടൗണിലെ ടയര്‍ വ്യാപാര സ്ഥാപനത്തിനും ഫ്രൂട്ട്സ് കടക്കുമാണ് 1000 രൂപ വീതം പിഴയിട്ടത്. ടൗണ്‍ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളിലും വീടുകളിലുമായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ അറിയിച്ചു. പരിശോധനക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മോഹന്‍ദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍, ജെ.എച്ച്.ഐമാരായ സുനില്‍ കമ്മത്ത്, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി. കാട്ടാനകള്‍ നാട്ടിലേക്ക്; മലയോരത്തെ കര്‍ഷകര്‍ പ്രതിസന്ധിയില്‍ എടക്കര: ചക്ക തേടി കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് നിത്യസംഭവമായി മാറിയതോടെ മേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലക്ഷങ്ങളുടെ കൃഷിനാശമാണ് കര്‍ഷകര്‍ക്ക് നേരിട്ടിട്ടുള്ളത്. കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുടിയേറ്റ കര്‍ഷകര്‍ വന്യമൃഗശല്യംമൂലം ജീവതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ശല്യം രൂക്ഷമായതോടെ വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഭൂരിഭാഗം കര്‍ഷകരും കൃഷി പാടെ ഉപേക്ഷിച്ച മട്ടാണ്. കഴിഞ്ഞ പതിമൂന്നിന് വഴിക്കടവ് മരുത കുട്ടി ചോലയില്‍ കല്ലന്‍ തൊടിക സെയ്ത് പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണത്തിനിരയായി. കരിയംമുരിയം വനത്തില്‍ നിന്നും സ്ഥിരമായി ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന ഒറ്റയാന്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അറന്നാടംപാടം, ഉണിച്ചന്തം, ഉദിരകുളം, താമരക്കുളം, ഉടുമ്പൊയില്‍, മണക്കാട്, പൊട്ടന്‍തരിപ്പ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. രാത്രി വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണിവര്‍ക്ക്. മൂത്തേടം പഞ്ചായത്തിലെ പടുക്ക വനം സ്റ്റേഷന്‍ പരിധിയില്‍ പകല്‍സമയത്തുപോലും ആനകളുടെ ശല്യം രൂക്ഷമാണ്. വഴിക്കടവ് പഞ്ചായത്തിലെ ആനമറി, പുഞ്ചകൊല്ലി, വെള്ളക്കട്ട, തഴവയല്‍, രണ്ടാംപാടം, തെക്കേപാലാട് തുടങ്ങി പ്രദേശങ്ങളിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം ആനയുടെ അടിയേറ്റ് ട്രഞ്ചില്‍ വീണ ക്ഷീരകര്‍ഷകന്‍ ജോസഫ്, പൂവത്തിപൊയില്‍ കറളിക്കാടന്‍ അയ്യപ്പന്‍ എന്നിവര്‍ക്ക് ഭാഗ്യംകൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പൂവ്വത്തിപൊയില്‍ ആലങ്ങാടന്‍ അബ്ദുല്‍ നാസറി​െൻറ കോഴിഫാം ഷെഡ് കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. സംസ്ഥാന വിത്ത് കൃഷിത്തോട്ടമായ മുണ്ടേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിക്കേറ്റിട്ടുണ്ട്. വനാന്തര്‍ഭാഗത്തെ ആദിവാസി ഊരുകള്‍ മിക്കവയും കാട്ടാനകളുടെ ആക്രമണ ഭീഷണിയിലാണ്. വനാതിര്‍ത്തികളില്‍ ട്രഞ്ചിങ്ങും ഫെന്‍സിങ്ങും ഏര്‍പ്പെടുത്തണമെന്ന മലയോര കര്‍ഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.