കാലിക്കറ്റിൽ അധ്യാപികയുടെ ശമ്പളം വർധിപ്പിച്ച നടപടി വിവാദത്തിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റിയിൽ ഹെൽത്ത് സയൻസ് വിഭാഗം അധ്യാപികക്ക് നിയമവിരുദ്ധമായി ശമ്പളം വർധിപ്പിച്ച നടപടി വിവാദത്തിലേക്ക്. പാരാ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥി പ്രവേശനം മുടങ്ങി നഷ്ടത്തിലോടുന്ന പാരാ മെഡിക്കൽ വിഭാഗം അധ്യാപികയുടെ ശമ്പളമാണ് വർധിപ്പിച്ചത്. 26,000 രൂപയാണ് ഹെൽത്ത് സയൻസിൽ പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ ശമ്പളം യൂനിവേഴ്സിറ്റി നിജപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ സർവകലാശാല വന്നതോടെ സെൽഫ് ഫിനാൻസിങ് മേഖലയിൽ പ്രവർത്തിക്കുന്ന സർവകലാശാല സ്കൂൾ ഓഫ് ഹെൽത്ത് സയൻസിലെ പാരാമെഡിക്കൽ കോഴ്സുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് രണ്ടുവർഷമായി പുതിയ അഡ്മിഷൻ നിർത്തിവെച്ചിരിക്കുന്നത്. വിദ്യാർഥികളില്ലാതെ അധ്യാപകർക്ക് ശമ്പളം വർധിപ്പിച്ച് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഒരധ്യാപികക്ക് മാത്രം ശമ്പളം വർധിപ്പിച്ചത് സിൻഡിക്കേറ്റിലെ ചിലരുടെ താൽപര്യത്തിനനുസരിച്ചാണെന്ന് ആരോപണമുണ്ട്. ശമ്പളം 35,000 രൂപയാക്കാനായിരുന്നു സബ് കമ്മിറ്റി സിൻഡിക്കേറ്റിലേക്ക് ശിപാർശ നൽകിയിരുന്നത്. സിൻഡിക്കേറ്റ് യോഗത്തിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതോടെ അസി. പ്രഫസർ തസ്തികക്ക് പകരം അസി. കോഓഡിനേറ്റർ തസ്തിക സൃഷ്ടിച്ച് 28,000 രൂപയും അലവൻസായി 3000 രൂപയും വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓഡിറ്റ് ഒബ്ജക്ഷൻ വരാൻ സാധ്യതയുള്ള ഇൗ തീരുമാനം നടപ്പിൽ വരുന്നതോടെ സിൻഡിക്കേറ്റാവും പ്രതിക്കൂട്ടിലാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.