ഒറ്റപ്പാലം: കഥകളി മുദ്രകൾ വിരിയുന്ന ഡോ. സദനം ഹരികുമാറിെൻറ കൈകളിൽ 'ഡാൻസിങ് ഗണപതി' ശിൽപവും ഭദ്രം. നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പത്തിരിപ്പാല പേരൂരിലെ സദനം കഥകളി അക്കാദമിയിൽ അദ്ദേഹം തീർത്ത മുൻ ശിൽപങ്ങൾക്കിടയിൽ വിഗ്നേശ്വരെൻറ നൃത്തരൂപവും ഇടംപിടിക്കും. കഥകളി അവതരണതിന്നായി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ അവസരം ലഭിച്ച ഘട്ടങ്ങളിൽ നൃത്തംവെക്കുന്ന ഗണേശ ശിൽപങ്ങൾ കാണാൻ ഇടവന്നതാണ് ശിൽപികൂടിയായ ഹരികുമാറിനെ വിഗ്നേശ്വരെൻറ വേറിട്ട ശിൽപനിർമാണത്തിന് പ്രേരിപ്പിച്ചത്. പതിവ് രീതികളിൽനിന്ന് ഭിന്നമായി സ്ത്രീവേഷത്തിൽ മോഹിനിയാട്ടം നടത്തുന്ന ഗണപതിയുടെ രൂപമാണ് ഹരികുമാർ തെരഞ്ഞെടുത്തത്. ഒരാഴ്ച നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ശിൽപരൂപം കൈവന്നത്. മുക്കാൽ ഇഞ്ച് ഘനത്തിൽ ഉള്ളുപൊള്ളയായതാണ് ശിൽപം. ശിൽപം ചൂളക്ക് വെച്ച് ദൃഢത കൈവരുന്നതോടെ നിർമാണഘട്ടം പൂർത്തിയാകും. ബംഗാളിലെ ശാന്തിനികേതൻ യൂനിവേഴ്സിറ്റിയിൽ അധ്യാപകനായിരിക്കെയാണ് കളിമൺ നിർമാണത്തോട് ബംഗാളികൾക്കുള്ള അഭിനിവേശം ഹരികുമാറിലെ ശിൽപിയെ തട്ടിയുണർത്തിയത്. സ്വയം ഗുരുവായി ശിൽപകല അഭ്യസിച്ച് തുടങ്ങുകയായിരുന്നു. കദ്രു, ദക്ഷൻ തുടങ്ങി ശാന്തിനികേതനിലെ നിരവധി ശിൽപങ്ങൾ ഇദ്ദേഹത്തിെൻറ കരവിരുത് സാക്ഷ്യപ്പെടുത്തിയവയാണ്. കഥകളി നടൻ, പാട്ടുകാരൻ, കഥകളി സ്വയം ചിട്ടപ്പെടുത്തി ശ്രദ്ധയനായ വ്യക്തി, കർണാട്ടിക് സംഗീതജ്ഞൻ, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകൻ തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ഇദ്ദേഹം സ്വതന്ത്ര സമരസേനാനി സദനം കുമാരൻ നായരുടെ മകനാണ്. പേരൂർ സദനം കഥകളി അക്കാദമിയുടെ സാരഥികൂടിയാണ് ഹരികുമാർ. പടം: ഡാൻസിങ് ഗണപതി ശിൽപത്തിെൻറ അവസാന ഘട്ട മിനുക്ക് പണിയിൽ ഡോ. സദനം ഹരികുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.