ടൂറിസ്​റ്റ്​ ഹോമിൽ മുറിയെടുത്തയാൾ 38 ഇഞ്ച് ടെലിവിഷനുമായി കടന്നു

തിരൂർ: ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത യുവാവ് ചുമരിൽ ഘടിപ്പിച്ച ടെലിവിഷൻ അഴിച്ചെടുത്ത് രക്ഷപ്പെട്ടു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ തിരൂർ ടൂറിസ്റ്റ് ഹോമിൽ ശനിയാഴ്ചയാണ് സംഭവം. ചേർത്തല പടിഞ്ഞാറെ പറമ്പിൽ പുരുഷോത്തമൻ എന്ന പേരിൽ മുറിയെടുത്ത യുവാവാണ് 38 ഇഞ്ച് ടെലിവിഷൻ കവർന്നത്. വ്യാഴാഴ്ച വൈകീട്ടാണ് ഇയാൾ ഇവിടെ താമസം തുടങ്ങിയത്. ശനിയാഴ്ച രാവിലെ 10.18ന് വലിയ നീലകവറുമായി തിരക്കിട്ട് ടൂറിസ്റ്റ് ഹോമിൽനിന്ന് പുറത്തുപോയി. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ നടത്തിയ പരിശോധനയിലാണ് കവർച്ച അറിഞ്ഞത്. മുറി പുറത്തുനിന്ന് പൂട്ടി താക്കോലുമായാണ് രക്ഷപ്പെട്ടത്. ടൂറിസ്റ്റ് ഹോമിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. ചുമരിൽ ഘടിപ്പിക്കുന്ന സ്റ്റാൻഡ് ഉൾെപ്പടെ അഴിച്ചെടുത്തിരിക്കുകയാണ്. വ്യാഴാഴ്ച ഇയാൾ ടൂറിസ്റ്റ് ഹോമിലേക്ക് വരുന്നതും ജീവനക്കാരനൊപ്പം മുറിയിൽ പ്രവേശിക്കുന്നതും ശനിയാഴ്ച രാവിലെ വലിയ കവറുമായി പുറത്ത് കടക്കുന്നതും റിസപ്ഷൻ കൗണ്ടറിന് സമീപത്ത് കൂടി തിടുക്കത്തിൽ നടന്ന് പോകുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുറത്തിറങ്ങിയ ഇയാൾ വേഗത്തിൽ റോഡിലേക്ക് നടന്ന് മറഞ്ഞു. ഇയാൾ ടൂറിസ്റ്റ് ഹോമിൽ നൽകിയ ഡ്രൈവിങ് ലൈസൻസ് പകർപ്പ് വ്യാജമാണെന്ന് സംശയമുണ്ട്. ടൂറിസ്റ്റ് ഹോം ജീവനക്കാരന് ഫോട്ടോസ്റ്റാറ്റെടുക്കാൻ നൽകിയത് ഒരുഭാഗത്ത് മാത്രം വിവരങ്ങൾ രേഖപ്പെടുത്തിയ കാർഡായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.