പ്രീമിയം അടക്കുന്നതിൽ പൊതുമേഖല ബാങ്കുകൾക്ക്​ വീഴ്ച; കർഷകർക്ക്​ ആനുകൂല്യം ലഭിച്ചേക്കില്ല

പാലക്കാട്: കാർഷിക ഇൻഷുറൻസ് പ്രീമിയം തുക അടക്കാൻ പൊതുമേഖല ബാങ്കുകൾ വീഴ്ച വരുത്തുന്നു. കാലാവസ്ഥാധിഷ്ഠിതമായ വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള പ്രീമിയം തുക അടക്കുന്നതിൽ പൊതുമേഖല ബാങ്കുകൾ താൽപര്യമെടുക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. രണ്ടാം വിളക്ക് ബാങ്കുകളിൽനിന്ന് വായ്പയെടുത്ത കർഷകരുടെ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ അടക്കണമെന്ന ചട്ടമാണ് പൊതുമേഖല ബാങ്കുകൾ അട്ടിമറിക്കുന്നത്. സഹകരണബാങ്കുകൾ കർഷകരുടെ പ്രീമിയം കൃത്യമായി അടക്കുമ്പോഴാണ് പൊതുമേഖല ബാങ്കുകളുടെ അലംഭാവം. ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകർക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. കനത്തമഴയിൽ കൃഷി നശിച്ച കർഷകർ ഇതോടെ ഇൻഷുറൻസ് ലഭിക്കാതെ ദുരിതത്തിലാകും. നെല്ലിന് സബ്സിഡി കിഴിച്ച് ഹെക്ടറിന് 1000 രൂപയാണ് കർഷകർ പ്രീമിയമായി അടക്കേണ്ടത്. ഹെക്ടറിന് പരമാവധി 50,000 രൂപയാണ് കൃഷിനാശത്തിന് കർഷകർക്ക് ലഭിക്കുക. കവുങ്ങ്, കുരുമുളക്, ജാതി എന്നിവക്ക് 2500 രൂപയും ഹെക്ടറിന് പ്രീമിയം അടക്കണം. ഇഞ്ചി -5000, വാഴ -5000, പൈനാപ്പിൾ -1750, ഏലം -2250, മഞ്ഞൾ -3000, കരിമ്പ് -1750 എന്നിവയാണ് ഹെക്ടറിന് അടക്കേണ്ട പ്രീമിയം തുക. എന്നാൽ, പ്രീമിയം തുക അടക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നാണ് പൊതുമേഖല ബാങ്കുകളുടെ നിലപാട്. കർഷകരോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായും ആരോപണമുണ്ട്. സംസ്ഥാനത്ത് എസ്.ബി.ഐ, കനറ ബാങ്കുകളിൽനിന്നാണ് കർഷകർ ഏറെയും കാർഷിക വായ്പയെടുത്തിരിക്കുന്നത്. ജില്ലയിൽ കൂടുതൽ കർഷകരും കാർഷിക വായ്പകൾക്കായി കനറ ബാങ്കിനെയാണ് ആശ്രയിച്ചിരിക്കുന്നത്. ബാങ്ക് പ്രീമിയം അടക്കാത്തതിനാൽ കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ദേശീയ കർഷക സമിതി ആരോപിച്ചു. ബാങ്ക് അധികൃതർ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും പുതുതായി നൽകിയ കാർഷിക വായ്പക്ക് മൂന്നുവർഷം അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. താങ്ങുവില 30 രൂപയായി ഉയർത്തണമെന്ന് പ്രസിഡൻറ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗം ആവശ്യപ്പെട്ടു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.