തിരുവാതിര ഞാറ്റുവേല ഇന്നെത്തും

മകയിരം ഞാറ്റുവേല വിടവാങ്ങിയതോടെയാണ് തിരുവാതിരയുടെ ആഗമനം തിരുനാവായ (മലപ്പുറം): ഇടവപ്പാതിയിൽ തിരിമുറിയാതെ മഴ ലഭിക്കുമെന്ന് പഴമക്കാരും കർഷകരും വിശ്വസിച്ചിരുന്ന തിരുവാതിര ഞാറ്റുവേലക്ക് വെള്ളിയാഴ്ച തുടക്കം. മകയിരം ഞാറ്റുവേല വിടവാങ്ങിയതോടെയാണ് തിരുവാതിരയുടെ ആഗമനം. ഇടവപ്പാതിയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന അവസരമാണ് മകയിരം, തിരുവാതിര, പുണർതം ഞാറ്റുവേലകൾ. മകയിരത്തിൽ മതിമറന്നും തിരുവാതിരയിൽ തിരിമുറിയാതെയും പുണർതത്തിൽ ഉതിർന്നും മഴ പെയ്യുമെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. അപൂർവം ചില വർഷങ്ങളിൽ തിരുവാതിര തീക്കട്ട പോലെയുമാകാറുണ്ട്. ഇത്തവണ ജൂൺ എട്ടിനാരംഭിച്ച മകയിരം ഞാറ്റുവേലയിൽ മഴ മതിമറന്ന് പെയ്യുകയായിരുന്നു. ഇതേ തുടർന്ന് ജലാശയങ്ങളെല്ലാം നിറഞ്ഞുകവിയുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാവുകയും ചെയ്തു. അകമ്പടിയായെത്തിയ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങൾ വേറെയും. തിരുവാതിരയിൽ വിരൽപോലും മുറിച്ചുകുത്തിയാൽ പൊടിക്കുമെന്നാണ് പഴമക്കാർ ആലങ്കാരികമായി പറഞ്ഞിരുന്നത്. അതുകൊണ്ട് ഈ കാലയളവിൽ വ്യാപകമായി ഫല വൃക്ഷത്തൈകൾ നടുകയും മുറിച്ചുകുത്തുകയും ചെയ്യുന്ന പതിവുണ്ട്. ഈ പ്രതീക്ഷയിലാണ് വിപണിയിൽ ഈ സമയത്ത് വിവിധയിനം ഫലവൃക്ഷെത്തെകളും ചെടികളുമെത്തുന്നത്. അയൽവാസികളും ബന്ധുക്കളും വിദ്യാർഥികളും പൂച്ചെടികളും ഫലവൃക്ഷത്തൈകളും കൈമാറി സൗഹൃദം പുതുക്കുന്നതും ഈ ഞാറ്റുവേലയിൽതന്നെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.