ആദ്യഘട്ടത്തിന് 29ന് പാലക്കാട്ട് തുടക്കം കുറിക്കും തിരുവനന്തപുരം: സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ കൊള്ളപ്പലിശയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാൻ 'മുറ്റത്തെ മുല്ല'എന്ന പേരിൽ മൈക്രോ ഫൈനാൻസ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കുടുംബശ്രീ മുഖേന നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ ഒമ്പത് ശതമാനം പലിശക്ക് ധനസഹായം അനുവദിക്കും. കുടുംബശ്രീ അത് 12 ശതമാനം പലിശനിരക്കിൽ വായ്പയായി നല്‍കും. നിലവിൽ സ്വകാര്യ ധനസ്ഥാപനങ്ങൾ 32 മുതൽ 72 ശതമാനംവരെ പലിശക്കാണ് മൈക്രോ ഫൈനാൻസ് വായ്പ നൽകുന്നത്. ഇൗമാസം 29ന് പാലക്കാട് ജില്ലയിൽ ആദ്യഘട്ടം ആരംഭിക്കുന്ന പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപം ഇപ്പോൾ രണ്ട് ലക്ഷം കോടി രൂപയായി ഉയർന്നു. കേരള ബാങ്ക് രൂപവത്കരണം ഓണത്തിന് സാധ്യമാകുമെന്നും മന്ത്രി അറിയിച്ചു. സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിലായി 4255 ഒഴിവുകളുണ്ട്. ഇതിൽ 1049 ഒഴിവുകൾ മാത്രമാണ് സഹകരണ പരീക്ഷാബോർഡിൽ റിപ്പോർട്ട് ചെയ്തത്. അവശേഷിക്കുന്ന ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.