ഹൃദയതാളത്തിന് ഹൃദ്യം കൈത്താങ്ങ്; എട്ടുമാസം കൊണ്ട് 95 കുഞ്ഞുങ്ങൾ

പിഞ്ചുകുഞ്ഞുങ്ങളുടെ ഹൃദ്രോഗ ചികിത്സക്കുള്ള സർക്കാർ പദ്ധതിക്ക് സ്വകാര്യ ആശുപത്രികളും മഞ്ചേരി: പിഞ്ചുകുഞ്ഞുങ്ങൾക്ക് ഹൃദയതാളം നിലനിർത്താൻ സർക്കാർ കൈത്താങ്ങോടെ തുടങ്ങിവെച്ച് ഹൃദ്യം പദ്ധതി എട്ടുമാസം കൊണ്ട് മലപ്പുറത്ത് ഉപയോഗപ്പെട്ടത് 95 കുഞ്ഞുങ്ങൾക്ക്. ജനിച്ച് മണിക്കൂറുകൾ പ്രായമുള്ള കുഞ്ഞുങ്ങളും ഒരുദിവസമായവയും അടക്കം ഇതിൽ ഉൾപ്പെടും. തുവ്വൂർ സ്വദേശികളായ കുടുംബത്തി​െൻറ നവജാത ശിശുവിന് ഹൃദയമിടിപ്പ് കുറഞ്ഞുപോയപ്പോൾ നടത്തിയ വിശദ പരിശോധനയിൽ എമർജൻസി ശസ്ത്രക്രിയയും ചികിത്സയും വേണ്ടിവന്നതോടെ രണ്ടുദിവസം മുമ്പ് മഞ്ചേരിയിൽനിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റി അപകടാവസ്ഥ തരണം ചെയ്തതാണ് അവസാനത്തെ സംഭവം. ഹൃദയ ശസ്ത്രക്രിയ നിർദേശിക്കപ്പെട്ട കുട്ടികൾക്ക് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഒാൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇത് ആരോഗ്യവകുപ്പി‍​െൻറ തിരുവന്തപുരത്തെ ഡയറക്ടറേറ്റ് ഒാഫിസിലാണ് തുറക്കുക. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ മെഡിക്കൽ കോളജുകളും എംപാനൽ ചെയത് പട്ടികയിലുണ്ട്. തിരുവനന്തപുരം ശ്രീചിത്തിര, എറണാംകുളം അമൃത, ആസ്റ്റർ മെഡിസിറ്റി, എറണാംകുളം ലിസി മെഡിക്കൽ കോളജ് തുടങ്ങിയ ആശുപത്രികളും ഉണ്ട്. www.hridyam.in വെബുപോർട്ടലിൽ ഒരു ഡോക്ടറുടെ സഹായത്തോടെ രജിസ്റ്റർ ചെയ്താൽ തിരുവനന്തപുരത്ത് തുറന്ന് വിവരങ്ങൾ പരിശോധിക്കും. പദ്ധതിയുടെ ഭാഗമായ എല്ലാ ആശുപത്രികളിലും ഇത് കാണാൻ കഴിയും. ജില്ല മാർക്ക് ചെയ്യുന്നതോടെ അതത് ജില്ലകളിൽ മെഡിക്കൽ ഒാഫിസുകളിൽ വിവരമെത്തും. കാർഡിയോളജിസ്റ്റ് വീണ്ടും പരിശോധിച്ചാണ് ശസ്ത്രക്രിയയുടെ സ്വഭാവം നിശ്ചയിക്കുക. പെട്ടെന്ന് ശസ്ത്രക്രിയ നടത്തേണ്ടത്, സാവകാശം ചെയ്യേണ്ടത് എന്നിങ്ങനെ തരം തിരിക്കും. എംപാനൽ പട്ടികയിലുള്ള ആശുപത്രികൾക്ക് വിവരം നൽകിയാൽ പെട്ടെന്ന് ചെയ്യേണ്ട ശസ്ത്രക്രിയക്ക് ഒരുങ്ങും. കുഞ്ഞി‍​െൻറ കുടുംബത്തിന് താൽപര്യമുള്ള ആശുപത്രികളിൽ ശസ്ത്രക്രിയ നടത്താം. രജിസ്റ്റർ ചെയ്യുമ്പോൾ രക്തപരിശോധന വിവരങ്ങൾ, ഹൃദയമിടിപ്പ് വിവരങ്ങൾ, അടക്കം മെഡിക്കൽ റിപ്പോർട്ടിലെ വിശദാംശങ്ങളും ചേർക്കേണ്ടതുണ്ടെന്നതിനാൽ ഇതുവരെ പദ്ധതിയിലേക്ക് നിർദ്ദേശിക്കപ്പെട്ടവയെല്ലാം ബന്ധപ്പെട്ട ഡോക്ടർമാരുടെ സഹായത്തോടെയാണ് രജിസ്റ്റർ ചെയ്തത്. അഞ്ചുമണിക്കൂർ കൊണ്ട് കുഞ്ഞിനെ ശ്രീചിത്രയിലെത്തിച്ചത് കൂട്ടായ ശ്രമം മഞ്ചേരി: പ്രസവിച്ച് 12 മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞിനെ അടിയന്തര ഹൃദയചികിത്സക്ക് തിരുവനന്തപുരത്തെത്തിച്ചത് കൂട്ടായ ശ്രമം. തുവ്വൂർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ ചൊവ്വാഴ്ച രാത്രി 11.45ന് പുറപ്പെട്ട് പുലർച്ച 4.40ന് ശ്രീചിത്രയിലെത്തിച്ച് അപകടാവസ്ഥ തരണം ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ആംബുലൻസ് മാർഗമാണ് പുറപ്പെട്ടത്. വഴിയിൽ തടസ്സങ്ങൾ ഒഴിവാക്കാൻ ഒാൾകേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് എന്ന സംഘടനയും പൊലീസും സഹായിച്ചതിനാൽ നിശ്ചയിച്ചതിലും നേരത്തേ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11നാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞ് പിറന്നത്. ഹൃദയമിടിപ്പ് 60ൽ താഴെയാണെന്ന് കണ്ടെത്തിയതോടെ ഇ.സി.ജി എടുത്ത് വിശദപരിശോധന നടത്തിയാണ് ശസ്ത്രക്രിയക്ക് നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.