ചെമ്മാട് ടൗണിൽ സിഗ്​നൽ ലൈറ്റുകൾ മിഴി തുറന്നു

തിരൂരങ്ങാടി: ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്ന ചെമ്മാട് ടൗണിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നുമാസം മുമ്പാണ് ചെമ്മാട് കോഴിക്കോട് റോഡ് ജങ്ഷൻ, പനമ്പുഴ റോഡ് ജങ്ഷൻ, ചന്തപ്പടി ബൈപാസ് റോഡ് ജങ്ഷൻ, മമ്പുറം പുതിയപാലം, ദേശീയപാത കക്കാട് ജങ്ഷൻ, എന്നിവിടങ്ങളിൽ ട്രാഫിക് െറഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം ലൈറ്റുകൾ സ്ഥാപിച്ചത്. ലൈറ്റുകൾ രണ്ടാഴ്ച മുമ്പേ പ്രവർത്തനക്ഷമമായെങ്കിലും റമദാനിലെ ജനത്തിരക്ക് പരിഗണിച്ച് പ്രവർത്തനം തുടങ്ങൽ നീട്ടിവെക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നഗരസഭ അധ്യക്ഷ കെ.ടി. റഹീദ കോഴിക്കോട് റോഡിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൽ, നൗഫൽ തടത്തിൽ, ചൂട്ടൻ മജീദ്, ബാബുരാജൻ, സി.പി. ഇസ്മായിൽ, യു.എ. കോയ ഹാജി സംബന്ധിച്ചു. അതേസമയം, പ്രവർത്തനം തുടങ്ങിയതോടെ സിഗ്നൽ ലൈറ്റുകൾ വിപരീതഫലമാണുണ്ടാക്കിയത്. ഉദ്ഘാടനത്തെ തുടർന്ന് കോഴിക്കോട് റോഡ് ജങ്ഷനിൽ സിഗ്നൽ നിയന്ത്രിക്കാൻ ഒരു പൊലിസുകാരനെ നിയോഗിച്ചിരുന്നു. എന്നാൽ, സിഗ്നൽ വന്നതോടെ ടൗണിൽ ഗതാഗതക്കുരുക്ക് വർധിച്ചു. കുരുക്കഴിയാതെ വന്നതോടെ സിഗ്നൽ സംവിധാനം തൽക്കാലം നിർത്തിവെച്ച് നിയന്ത്രണം ട്രാഫിക് പൊലീസുകാരൻ ഏറ്റെടുത്തു. കോഴിക്കോട് റോഡ്, കൊടിഞ്ഞി റോഡ് ജങ്ഷനുകൾ അടുത്തടുത്തായി വരുന്നതാണ് കുരുക്ക് വർധിക്കാൻ കാരണമാകുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ഥാപിച്ച ലൈറ്റുകൾ വെറുതെയാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കൊടിഞ്ഞി റോഡ് ജങ്ഷൻ വഴി പരപ്പനങ്ങാടി, മൂന്നിയൂർ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ അതിവേഗം കടത്തി വിടേണ്ടതുണ്ട്. അധികസമയം സിഗ്നലിൽ നിർത്തുന്നതോടെ ജങ്ഷനുകളിൽ വാഹനങ്ങൾ നിറയും. സ്റ്റോപ് സിഗ്നൽ നൽകുന്നതിലെ സമയക്രമം കുറക്കുന്നത് വഴി കുരുക്കഴിക്കാനായേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.