നിലമ്പൂർ: കാട്ടാന വിഹരിക്കുന്ന ഉൾവനത്തിലൂടെ കിലോമീറ്റർ നടന്ന് ആദിവാസി കുരുന്നുകൾ അക്ഷരമുറ്റത്തെത്തി. കാട്ടാനയുടെ അക്രമണത്തിൽ തങ്ങളുടെ അച്ഛനമ്മമാർ കൊല്ലപ്പെട്ട പുഞ്ചക്കൊല്ലി വനപാതയിലൂടെയാണ് പുസ്തകക്കെട്ടുകൾ മാറോട് ചേർത്ത് പ്രാണഭയത്തോടെ അവർ നിലമ്പൂർ വെളിയംതോട് ഗോത്രവർഗ സ്കൂളിലെത്തിയത്. കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗം കുട്ടികൾ മാത്രം താമസിച്ച് പഠിക്കുന്ന സ്കൂളാണിത്. ശമനമില്ലാതെ പേമാരി കോരിചൊരിഞ്ഞതോടെ സ്കൂൾ തുറന്ന ദിവസം ഈ രണ്ട് കോളനിയിലെയും കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞിരുന്നില്ല. പുന്നപ്പുഴയും കോരംപുഴയും ഇവയുടെ കൈവരിയും കടന്നുവേണം ഇവർക്ക് പുറംലോകത്തെത്താൻ. മഴക്ക് കുറവ് വന്നതോടെയാണ് ഇവർ സ്കൂളിലെത്താൻ തുടങ്ങിയത്. അച്ഛനമ്മമാരുടെ കൂടെ ജാഗ്രതയോടെയായിരുന്ന വനത്തിലൂടെയുള്ള യാത്ര. കുട്ടികൾക്ക് ഏറെ മുന്നിലും പിന്നിലുമായി മുതിർന്നവർ നടന്ന് പരിസരം വീക്ഷിച്ചായിരുന്നു വരവ്. കാട്ടാനകളുടെ ആക്രമണത്തിൽ കോളനിയിലെ ഒമ്പതുപേർ ഈ പാതയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നെല്ലിക്കുത്ത് വനത്തിൽ നാലും പതിമൂന്നും കിലോമീറ്റർ ദൂരത്തിലാണ് പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി കോളനികൾ. 98 കുടുംബങ്ങളാണ് ഇരുകോളനികളിലുമുള്ളത്. ദുർഘട്ടം പിടിച്ച വനപാതയിലൂടെ മഴക്കാലത്ത് വാഹനങ്ങൾ കടന്നുവരില്ല. അറിയുന്ന ജീപ്പ് ഡ്രൈവർമാർ മാത്രമാണ് കോളനിയിലെത്തുക. 1800 രൂപയാണ് അളക്കൽ കോളനിയിലേക്ക് ജീപ്പ് വാടക. അതുക്കൊണ്ട് ഭൂരിപക്ഷം കുടുംബങ്ങളും കാൽനടയായാണ് നാട്ടിലെത്തുക. കോളനികളിലേക്കുള്ള റോഡ് യാത്രയോഗ‍്യമാക്കണമെന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ‍്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.