മൂന്ന് റീച്ചുകൾക്ക്​ ഭരണാനുമതി; മലയോര ഹൈവേ നിർമാണം ഉടൻ

മലപ്പുറം: ജില്ലയിലൂടെ കടന്നുപോവുന്ന മൂന്ന് റീച്ചുകൾക്ക് കിഫ്ബി അനുമതി ലഭിച്ചതോടെ മലയോര ഹൈവേ യാഥാർഥ്യമാകുന്നു. അടുത്ത സാമ്പത്തിക വർഷം പ്രവൃത്തി ആരംഭിക്കും. 15 മീറ്റർ വീതിയിൽ 103 കിലോമീറ്റർ ദൂരമാണ് ജില്ലയിൽ പാത കടന്നുപോകുന്നത്. മുണ്ടേരി സീഡ്ഫാം ഗേറ്റ് മുതൽ പാലുണ്ട, എടക്കര, മുത്തേടം കരുളായി, പൂക്കോട്ടുംപാടം വരെ ഉൾപ്പെടുന്ന ആദ്യ റീച്ചിനായി 109 കോടി രൂപയും പൂക്കോട്ടുംപാടത്തുനിന്ന് തുടങ്ങി നിലമ്പൂർ റെയിൽവേ, ചന്തക്കുന്ന്, മൂലേപ്പാടം പാലം വരെയുള്ള രണ്ടാമത്തെ റീച്ചിന് 45 കോടിയും അനുവദിച്ചു. പൂക്കോട്ടുംപാടം, കാളികാവ്, കേരള എസ്റ്റേറ്റ്, അലനല്ലൂർ വഴി മൂന്നാമത്തെ റീച്ചിന് 103 കോടിയാണ് വകയിരുത്തിയത്. സംസ്ഥാനത്ത് ആകെ 17 റീച്ചുകൾക്കാണു കിഫ്ബി ഡയറക്ടർ ബോർഡ് അനുമതി നൽകിയത്. മുണ്ടേരി-മേപ്പാടി വരെയുള്ള 17 കിലോമീറ്റർ ദൂരത്തിനിടയിൽ ഏഴ് കിലോമീറ്റർ വനത്തിലൂടെയാണ് കടന്നുപോവുന്നത്. ബാക്കി ഭാഗത്ത് സ്വകാര്യ റോഡുകളും കൂപ്പ് റോഡുകളുമാണ്. വനത്തിലൂടെ പാത നിർമിക്കാനുള്ള അനുമതിക്ക് കേന്ദ്ര വനം മന്ത്രാലയത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. പാത പൂർത്തിയാവുന്നതോടെ നിലമ്പൂരിൽനിന്ന് കൽപറ്റയിലേക്കുള്ള ദൂരം 60 കിലോമീറ്ററായി കുറയും. നിലവിൽ കൽപറ്റയിലെത്താൻ താമരശ്ശേരി വഴി 100 കിലോ മീറ്ററും നാടുകാണി വഴി 120 കിലോമീറ്ററുമാണ് ദൂരം. ഭൂമിക്ക് നഷ്ടപരിഹാരം നൽകാതെയാണ് പാതക്ക് സ്ഥലമേറ്റെടുക്കുന്നത്. ഇതിന് സ്ഥലമുടമകൾ നേരത്തെ സമ്മതം നൽകിയിട്ടുണ്ട്. അതേമസയം, നിർമിതികൾ പുനർ നിർമിക്കാൻ ധനസഹായം അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.