തോരാമഴയിൽ തീരാദുരിതം

*പാലക്കാട് റെക്കോഡ് മഴ പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തുതന്നെ ഇതുവരെ ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ച ജില്ലയാണ് പാലക്കാട്. ജൂൺ ഒന്നുമുതൽ 13 വരെയുള്ള കണക്കുപ്രകാരം 114 ശതമാനം അധിക മഴ ജില്ലയിൽ ലഭിച്ചു. 157.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 336.6 മില്ലി മീറ്റർ മഴ ലഭിച്ചു. വ്യാഴാഴ്ച ഒറ്റപ്പാലത്തും പറമ്പിക്കുളത്തുമാണ് കൂടുതൽ മഴ ലഭിച്ചത്. വടക്കഞ്ചേരി മലയോര മേഖലയിലും കല്ലടിക്കോടും രണ്ടിടത്ത് ഉരുൾപൊട്ടി. മലയോര മേഖലകളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മലമ്പുഴ അണക്കെട്ടിൽ 106.80 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേസമയം 100.68 മീറ്ററായിരുന്നു. മംഗലംഡാം നിറഞ്ഞതോടെ നാല് ഷട്ടറുകൾ തുറന്നു. പരമാവധി സംഭരണ ശേഷിക്ക് (77.88 മീ) തൊട്ടടുത്തെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. സമീപ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. അട്ടപ്പാടിയിൽ മഴക്ക് നേരിയ ശമനമായത് ആശ്വാസമായി. കഴിഞ്ഞദിവസങ്ങളിൽ അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ രൂക്ഷമായിരുന്നു. ജില്ലയിലെ പുഴകളും തോടുകളും കുളങ്ങളും നിറഞ്ഞു കവിഞ്ഞു. കിഴക്കൻ മേഖലയിലും മഴ ശക്തമാണ്. മഴ കനത്തതോടെ ജനജീവിതം ദുരിതമയമായി. ഏക്കർ കണക്കിന് കൃഷി വെള്ളത്തിനടിയിലാണ്. കാറ്റിൽ വാഴകൃഷിക്കും വ്യാപക നഷ്ടമുണ്ടായി. നിരവധി സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഉൾനാടൻ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കിയിട്ട് ദിവസങ്ങളായി. ശിരുവാണി മേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചു. ബുധനാഴ്ച രാത്രി‍യോടെ ആരംഭിച്ച മഴക്ക് വ്യാഴാഴ്ച ഉച്ചയോടെയാണ് ശമനമുണ്ടായത്. പാലക്കാട്-പൊന്നാനി സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം മന്ദഗതിയിലായി. കാലവർഷം വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്ന അറിയിപ്പിനെ തുടർന്ന് മുന്നൊരുക്കമെടുക്കാൻ ജില്ല ഭരണകൂടം തയാറെടുപ്പ് തുടങ്ങി. ജില്ലയിൽ റെഡ് അലെർട്ട് ഉദ്യോഗസ്ഥർ 18 വരെ അവധിയെടുക്കരുത് പാലക്കാട്: പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് സർക്കാർ ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജൂൺ 18 വരെ മുഴുവൻ ജില്ലതല ഓഫിസർമാരും അവധിയെടുക്കരുതെന്ന് കലക്ടർ ഡി. ബാലമുരളി അറിയിച്ചു. തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവരും അവധിയെടുക്കരുതെന്ന് കലക്ടർ അറിയിച്ചു. അവധിയിൽ പ്രവേശിച്ചവരെ തിരിച്ചുവിളിക്കും. പൊലീസ്, അഗ്നിശമന സേന, ആരോഗ്യം, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, ഇലക്ട്രിക്കൽ വിഭാഗത്തിലുള്ളവർ അടിയന്തര സാഹചര്യങ്ങളിൽ സമയോചിത നടപടി സ്വീകരിക്കാൻ സജ്ജരാകണമെന്നും കലക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളിൽ ചേർന്ന ഗ്രാമപഞ്ചായത്തുകളുടെ ജില്ലതല അവലോകന യോഗത്തിലാണ് ഡയറക്ടർ സെക്രട്ടറിമാർക്ക് നിർദേശം നൽകിയത്. ഏത് സമയത്തും സെക്രട്ടറിമാരെ നേരിട്ട് ബന്ധപ്പെടാനാകണം. ദുരന്തമേഖലകളിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ലൈഫ് മിഷനിൽ നിർമിക്കുന്ന മുഴുവൻ വീടുകളും ജൂൺ 30നകം പൂർത്തിയാക്കണമെന്നും ഡയറക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.