കർഷക​​െൻറ ആത്മഹത്യ അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്

പാലക്കാട്: കാർഷിക വായ്പ തിരിച്ചടയ്ക്കാൻ വഴിയില്ലാതെ ജപ്തി നടപടി നേരിട്ട കർഷകൻ കൃഷിയിടത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പരേതന് നിലവിലുള്ള കടാശ്വാസ-കർഷക സഹായ പദ്ധതികളുടെ സംരക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ജില്ല കലക്ടർ മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. കടം ഒഴിവാക്കണമെന്ന അപേക്ഷയിൽ ജില്ല ഭരണകൂടം സ്വീകരിച്ച നടപടികളും കമീഷനെ അറിയിക്കണം. കൃഷിപ്പിഴ സംഭവിക്കുന്ന ഇടത്തരം കർഷകർക്ക് ദേശസാത്കൃത ബാങ്കുകളിലുള്ള വായ്പ കുടിശ്ശികകളിൽ നിലവിലുള്ള സമാശ്വാസ പദ്ധതികളുടെ ആനുകൂല്യം പരേതന് നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. കർഷക ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങൾ ചടയപ്പ​െൻറ കാര്യത്തിൽ ഏതെങ്കിലും ഫോറം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് ചീഫ് സെക്രട്ടറി നൽകുന്ന വിശദീകരണത്തിലുണ്ടാകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. തുടർച്ചയായ കൃഷിനാശം കാരണം ശരീരം തളർന്ന് രോഗാവസ്ഥയിലായ വടക്കഞ്ചേരി കിഴക്കേപാളയം രാജമ്മ നിവാസിൽ ചടയപ്പനാണ് (55) മരിച്ചത്. ജപ്തി നടപടികൾ ഒഴിവാക്കാൻ ചടയപ്പൻ വിവിധ കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷ​െൻറ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.