അട്ടപ്പാടിയിൽ മഴ ശക്തം; വൻ നാശനഷ്​ടം

അഗളി: ശക്തമായി തുടരുന്ന മഴയിൽ അട്ടപ്പാടിയിലെ പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതി, റോഡ്, ഇൻറർനെറ്റ് എന്നിവ തകരാറിലായി. മഴയിലും കാറ്റിലും പലഭാഗത്തും വീടുകൾക്ക് കേടുപാടും വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രകൃതി ക്ഷോഭം രൂക്ഷമായിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട് അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. മഴ കനത്തതോടെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. അന്തർസംസ്ഥാന പാതയായ മണ്ണാർക്കാട്-ചിന്നതടാകം റോഡിൽ ചുരം ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. തിങ്കളാഴ്ച പുലർച്ച ആറരയോടെ മൂന്നാം വളവിന് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്. ഇതേതുടർന്ന് ചുരത്തിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിനെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ചുരത്തിൽ പത്താം മൈലിന് സമീപം ഉച്ചയോടെ മരം കടംപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. ചുരത്തിൽ മന്തംപ്പൊട്ടി, മുന്നാം വളവ്, വെള്ളച്ചാട്ടത്തിന് സമീപം എന്നിവിടങ്ങളിലെ മണ്ണ് ഒലിച്ചിറങ്ങിയ നിലയിലാണ്. ഈ ഭാഗങ്ങളിൽ ഏത് സമയവും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അഗളി പഞ്ചായത്തിലെ പോത്തുപ്പാടി, ഷോളയൂർ കുറുവൻപാടി എന്നിവിടങ്ങളിലും മണ്ണിടിച്ചൽ ഉണ്ടായി. അഗളി ഇലക്ട്രിക്കൽ സെക്ഷനിൽ വൻ നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച ചിറ്റൂർ കട്ടേക്കാട് വൻമരം വീണ് ഡി.പി സ്ട്രെക്ചർ തകർന്നു. പോത്തുപ്പാടിയിൽ മണ്ണിടിച്ചിൽ എച്ച്.ടി പോസ്റ്റ് ഒഴുകിപോയി. ചിറ്റൂരിൽ 11 കെ.വി ലൈനിലേക്ക് കൂറ്റൻ തേക്കുമരം കടപുഴകി വീണു. തകർന്ന പോസ്റ്റുകൾ പുനഃസ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. അഞ്ച് എച്ച്.ടി പോസ്റ്റുകളും. 13 എൽ.ടി പോസ്റ്റുകളും മാറ്റി സ്ഥാപിക്കാനുണ്ട്. ചുരത്തിൽ ഗതാഗത നിയന്ത്രണം അട്ടപ്പാടി ചുരത്തിൽ രാത്രിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചരക്കുലോറി, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ ഭാരം കൂടിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി ഏഴുമുതൽ പകൽ ഏഴുവരെയാണ് നിയന്ത്രണം. എന്നാൽ, കെ.എസ്.ആർ.ടി.സി, സ്വകാര്യ ചെറുവാഹനങ്ങൾ എന്നിവക്ക് തൽക്കാലം നിയന്ത്രണം ബാധകമല്ല. ചുരം ഭാഗത്തെ അപകടസാധ്യത കണക്കിലെടുത്ത് ജില്ല കലക്ടർ ഡി. ബാലമുരളിയുടെ നിർദേശത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ കൂടുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഗളി എ.എസ്.പി. സുജിത്ത് ദാസ് പറഞ്ഞു. ഒറ്റപ്പെട്ട് നിലയിൽ പുതുർ മഴശക്തമായതോടെ തീർത്തും ഒറ്റപ്പെട്ട് നിലയിലാണ് പുതുർ ഗ്രാമപഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും. ഭവാനി പുഴ കരകവിഞ്ഞതിനെ തുടർന്ന് താവളം-പാലൂർ, ചെമ്മണ്ണൂർ-പൊട്ടിക്കൽ പാലങ്ങൾ വെള്ളത്തിനടയിലായി. ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതേതുടർന്ന് പ്രദേശത്തെ പ്രാക്തന ഗോത്ര വിഭാഗത്തിൽപെട്ട മേലെ തുടുക്കി, ഗലസി, കിണറ്റുകര, കടുകമണ്ണ, മുരുഗള എന്നി ആദിവാസി ഊരുകൾ പൂർണമായും ഒറ്റപ്പെട്ടു. വരഗാർ പുഴ കരകവിഞ്ഞതിനെ തുടർന്ന് ഇടവാണി, ഭൂതയാർ, എന്നി ഊരുകളും ഒറ്റപ്പെട്ടു. മേഖലയിലെ പല പ്രദേശത്തും വൈദ്യുതി ബന്ധം പൂർണമായി നിലച്ച നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.