പൊലീസുകാർ സഞ്ചരിച്ച കാറില്‍ ബൈക്ക് ഇടിച്ചു; ബൈക്ക്​ യാത്രികന്​ മർദനം

ആലുവ: പൊലീസുകാർ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് പിടികൂടി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ് സംഭവം. കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവ. സ്‌കൂളി​െൻറ ഗേറ്റിന് മുന്നില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. മഫ്തിയിലായിരുന്നു പൊലീസ് സംഘം. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. കുഞ്ചാട്ടുകരയില്‍ വെച്ചും പൊലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയില്‍നിന്ന് നൂറുകണക്കിന് ആളുകള്‍ എടത്തല പൊലീസ് സ്‌റ്റേഷനിലെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉസ്മാനെ സ്‌റ്റേഷ​െൻറ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ആംബുലന്‍സ് എത്തിച്ച് ആലുവ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, പോക്‌സോ കേസിലെ പ്രതിയെ പിടികൂടാനായാണ് മഫ്തിയില്‍ കുഞ്ചാട്ടുകരയിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുമായി തിരികെ വരുന്ന വഴി ഉസ്മാ​െൻറ ബൈക്കില്‍ മുട്ടിയെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. വാക്കു തര്‍ക്കമുണ്ടായപ്പോള്‍ പൊലീസ് ഡ്രൈവര്‍ അഫ്‌സലിനും പരിക്കേറ്റു. അഫ്‌സലിനെയും ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്‍ എടത്തല സ്റ്റേഷനിലെത്തി. തുടര്‍ന്നാണ് ഉസ്മാനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.