നിലമ്പൂർ\മഞ്ചേരി: പൊങ്ങല്ലൂരിലെ നാടിനെ നടുക്കിയ അപകട വാർത്തയറിഞ്ഞ് നിപ രോഗഭീതിയും മറികടന്ന് സഹായത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും മഞ്ചേരി ഗവ. മെഡിക്കൽ കോളജിലേക്കും ജനം ഒഴുകിയെത്തി. അപകടത്തിൽ സാരമായി പരിക്കേറ്റവരെ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതെന്നറിഞ്ഞ് മൂന്നരയോടെ ആംബുലൻസ് വാഹനം എത്തിയപ്പോഴേക്കും പൊലീസും ട്രോമകെയർ പ്രവർത്തകരും നാട്ടുകാരും ആശുപത്രിയിൽ സജ്ജരായി. നിപ ഭീതിമൂലം ആശുപത്രി പരിസരത്തേക്ക് വരാൻ കൂട്ടാക്കാത്തവർ പോലും എല്ലാം മറന്ന് ഓടിയെത്തിയിരുന്നു. സാരമായി പരിക്കേറ്റവരിൽ ഏഴുപേരെയാണ് നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചത്. വൈദ‍്യസഹായം ലഭിക്കുന്നതിന് മുമ്പുതന്നെ അക്ബർ അലി, ശിഫ, ശിഫ ആയിഷ, ദിയ എന്നിവരുടെ മരണം സ്ഥിരീകരിച്ചു. അക്ബർ അലിയുടെ മക്കളായ നജ്വ, മുഹ്സിന ഷെറിൻ, മാതാവ് ആയിശ എന്നിവരെ ഉടനെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതര പരിക്കേറ്റ ഏഴുപേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പെരിന്തൽമണ്ണയിലെ ഇ.എം.എസ് ആശുപത്രിയിലേക്കും മാറ്റി. ഗുരുതര പരിക്കേറ്റ കുട്ടികളെയടക്കം ആശുപത്രിയിൽ എത്തിക്കാനും ചികിത്സ ഉറപ്പാക്കാനും സന്നദ്ധപ്രവർത്തകരും പൊതുപ്രവർത്തകരും തുടക്കം മുതൽ ആശുപത്രിയിൽ എത്തി. പരിക്കേറ്റ ഫൗസിയ (45), നസീറ (30), ഹിബ (10), ഫാത്തിമ (12), ഹയ (മൂന്ന്), ജസ (10) എന്നിവർക്ക് പുറമെ പത്തുമാസമായ ആൺകുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർമാരാണ് സ്ഥിരമായി ഉണ്ടാവുക. ഇവർക്ക് പുറമെ ഹൗസ് സർജൻസി ചെയ്യുന്ന എം.ബി.ബി.എസ് വിദ്യാർഥികളുടെ വിവിധ സ്പെഷാലിറ്റി യൂനിറ്റുകളും ഉണ്ടാവും. മറ്റു ജോലികളിലേർപ്പെട്ട പി.ജി ഡോക്ടർമാരും അപകടവിവരമറിഞ്ഞതോടെ അത്യാഹിത വിഭാഗത്തിലെത്തി. ആംബുലൻസിൽ എത്തിച്ച പരിക്കേറ്റവരെ സ്ട്രച്ചറിൽ കിടത്താനും ഇറക്കാനും ട്രോമാകെയർ വളൻറിയർമാരുടേയും അത്യാഹിത വിഭാഗത്തിലെ സന്നദ്ധ വളൻറിയർമാരുടേയും സേവനം ഏറെ സഹായകമായി. നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ തിരിച്ചറിയാനാവാതെ മണിക്കൂറുകൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കാനായില്ല. കുടുംബത്തിലെ മുഴുവൻപേരും അപകടത്തിൽപ്പെട്ടതോടെ മരിച്ചവരെ തിരിച്ചറിയാൻ കഴിയാതെ വന്നു. പിരിക്കേറ്റവരെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചതും ബന്ധുകളെയും നാട്ടുകാരെയും കുഴക്കി. അഞ്ചരയോടെയാണ് അടുത്ത ബന്ധുകൾ ജില്ല ആശുപത്രിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. നാലുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്. പെരിന്തൽമണ്ണ എം.ഇ.എസിൽ പ്രവേശിപ്പിച്ച നസീറ വൈകീട്ട് അഞ്ചരയോടെയാണ് മരിച്ചത്. പടം:1- നിലമ്പൂർ ജില്ല ആശുപത്രിയിൽ തടിച്ചുകൂടിയ ജനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.