(((റമദാൻ വിശേഷം))) ആഴക്കടലിൽ തിരകളോടൊപ്പം, ഉപ്പുകാറ്റേറ്റ്​ ഒരു നോമ്പുതുറ

ആകാശത്തിന് താഴെ തിരമാലകളിൽ ചാഞ്ചാടി പാനീസ് വിളക്കുകളുടെ വെളിച്ചത്തിൽ ഉപ്പുകാറ്റേറ്റ് ഒരു നോമ്പുതുറ. ഒഴുക്കൻ ചെറുവള്ളങ്ങളിലും ബോട്ടുകളിലുമായി മീൻ പിടിക്കാനിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ നോമ്പും നോമ്പുതുറയും അത്താഴവും പ്രാർഥനകളുമെല്ലാം വേറിട്ട അനുഭവമാണ്. നക്ഷത്രങ്ങളെ സാക്ഷിനിർത്തി ആഴക്കടൽ പരപ്പിൽ വലയെറിഞ്ഞ് ദിവസങ്ങൾ കടലിൽ കഴിയുന്ന വിശ്വാസികൾക്ക് നോമ്പി​െൻറ ആത്മീയാനന്ദം കടലോളം ആഴമേറിയതാണ്. ളുഹ്റ് നമസ്കാരം കഴിഞ്ഞ് കടലിലിറങ്ങുന്ന ചെറു ഒഴുക്കൻ വള്ളങ്ങൾ ആഴക്കടലിലെത്തുമ്പോഴേക്കും അസ്വ്ർ നമസ്കാരത്തി​െൻറ സമയം പിന്നിടും. കടലിൽ നടക്കുന്ന ആദ്യ നമസ്കാരവും അസ്വ്റാണ്. തുടർന്ന്, മത്സ്യനിരീക്ഷണവും വല വിരിക്കലും. പിന്നീട് നോമ്പുതുറ വിഭവങ്ങൾ ഒരുക്കുന്ന തിരക്കായി. കരയിൽനിന്ന് തയാർ ചെയ്ത് കൊണ്ടുവരുന്ന മസാലക്കൂട്ടുകൾ കടലിൽ ചൂണ്ടയെറിഞ്ഞ് കിട്ടുന്ന മത്സ്യത്തിൽ തേച്ചുപിടിപ്പിച്ച് തോണിയിലെ ഗ്യാസ് സ്റ്റൗവിലാണ് വേവിച്ചെടുക്കുന്നത്. വീടുകളിൽനിന്ന് കൊണ്ടുവരുന്ന പത്തിരിയും പഴങ്ങളുമൊക്കെയായി സൂര്യാസ്തമയത്തിന് സാക്ഷിയായി നോമ്പുതുറ. പാനീസ് വിളക്കുകളുടെയും ബാറ്ററി ബൾബുകളുടെയും വെട്ടത്തിൽ ഭക്ഷണം. കാലവർഷത്തി​െൻറ കറുത്തിരുണ്ട നാളുകളിലും തെളിഞ്ഞ ആകാശത്തിന് താഴെയും നോമ്പുതുറക്കുന്നത് വല്ലാത്ത ആനന്ദമാണ് നൽകുന്നതെന്ന് തൊഴിലാളികൾ പറയുന്നു. മഗ്രിബ് നമസ്കാരവും നോമ്പുതുറയും പിന്നിടുന്നതോടെ വീണ്ടും വലയിളക്കം. ഇശാ നമസ്കാരവും തറാവീഹും കഴിഞ്ഞ് അത്താഴത്തി​െൻറ ഒരുക്കം. പിന്നീട് ഒരാൾ കടൽ നിരീക്ഷണത്തിലേക്ക്. കൂട്ടുകാരൻ ഉറക്കത്തിലേക്ക്. കടൽ നിരീക്ഷണത്തിന് ചുമതലപ്പെടുത്തുന്നയാളുടെ ഉത്തരവാദിത്തമാണ് കൂടെയുള്ളയാളെ അത്താഴത്തിന് വിളിച്ചുണർത്തുക എന്നത്. െമാബൈൽ റേഞ്ച് ലഭ്യമായാൽ കരയിലെ വീടുകളിൽ നിന്നുമെത്തുന്ന ഫോൺ കോളുകളും കടലിലെ തൊഴിലാളികൾ പരസ്പരം കൈമാറുന്ന വയർലെസ് മെസേജുകളും മൊബൈൽ അലാറങ്ങളുമൊക്കെ അക്കാര്യം നിറേവറ്റും. കടൽ കനിഞ്ഞാൽ തിരിച്ചുവരവി​െൻറ ഒരുക്കങ്ങളായി. അയക്കൂറ, ആവോലി തുടങ്ങി വിലപിടിപ്പുള്ള മത്സ്യങ്ങൾ തേടിയാണ് ഒഴുക്കൻ വള്ളങ്ങളുടെ യാത്ര. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ആഴക്കടൽ മത്സ്യ ബന്ധനത്തിനിടയിലെ നോമ്പനുഭവങ്ങളിൽ കാലമിപ്പോഴും മാറ്റം വരുത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.