വേങ്ങര: ജോലിക്ക് വിളിച്ച് ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് പണമടങ്ങുന്ന പഴ്സും മൊബൈൽ ഫോണും തട്ടിയെടുക്കുന്നയാളെ പൊലീസ് പിടികൂടി. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി പ്രശാന്തിനെയാണ് (36) വേങ്ങര എസ്.ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നറിയിക്കുകയും രാവിലെ സ്വന്തം കാറില്‍ കൊണ്ടുപോകുകയും ചെയ്യും. പ്രത്യേക സ്ഥലത്ത് ഇറക്കി പണിക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ ധരിക്കാൻ പറയുകയും പഴ്സും ഫോണും ധരിച്ച വസ്ത്രങ്ങളും വാഹനത്തിൽ വെച്ചാൽ മതി എന്നറിയിക്കുകയും ചെയ്യും. പണിസ്ഥലത്തേക്കു പോകുന്നതിന് വാഹനം വരുമെന്നറിയിച്ച് അവിടെനിന്ന് കാറുമായി മുങ്ങും. ഇങ്ങനെ നിരവധി സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ചേറൂരിൽ ഇറക്കിവിട്ട തൊഴിലാളികൾ വേങ്ങര സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. ഒഡിഷ സ്വദേശികളായ ദേവദാസ് മാജി, ജലന്തര്‍ മാജി, ചാന്ദ്ലി എന്നിവരെ കുന്നുംപുറത്ത് നിന്ന് ജോലിക്കായി കാറില്‍ കയറ്റിക്കൊണ്ടുപോയി അച്ചനമ്പലത്ത് സലഫി മസ്ജിദിന് പടിഞ്ഞാറ് വശത്തെ ഒഴിഞ്ഞ പറമ്പില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് ഇറക്കി. ഇവരുടെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കാറില്‍ അഴിച്ചുവെപ്പിച്ച് പണിക്കുള്ള വസ്ത്രം ധരിപ്പിക്കുകയും ചേറൂരില്‍ കൊണ്ടുപോയി പ്രഭാതഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ വസ്ത്രത്തിലുണ്ടായിരുന്ന 10,000 രൂപയും ഫോണും കവര്‍ന്ന് കാറില്‍ രക്ഷപ്പെടുകയായിരുന്നു. വേങ്ങര പൊലീസ് പ്രശാന്തിനെയും കേസില്‍ ഉള്‍പ്പെട്ട കെ.എല്‍ 18 കെ- 7134 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.