ഒറ്റപ്പാലം: കടമ്പൂർ ഗവ. ഹൈസ്‌കൂളിലെ ശൗച്യാലയ അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർ. ജില്ല പഞ്ചായത്തിെൻറ കീഴിലുള്ള സ്‌കൂളിന് ഫണ്ട് അനുവദിക്കേണ്ടത് ജില്ല പഞ്ചായത്താണെന്നും സ്‌കൂൾ സന്ദർശിച്ച പ്രസിഡൻറ് കെ.കെ. കുഞ്ഞൻ പറഞ്ഞു. അറ്റകുറ്റപ്പണിക്ക് സ്‌കൂൾ അധികൃതർ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദുർഗന്ധം മൂലം ക്ലാസ്സിലിരിക്കാൻ കഴിയുന്നില്ലെന്ന വിദ്യാർഥികളുടെ പരാതി അമ്പലപ്പാറ ഹെൽത്ത് ഇൻസ്പെക്ടർക്ക് കഴിഞ്ഞ ദിവസം നൽകിയതോടെയാണ് സംഭവം പുറത്തായത്. 54 കുട്ടികളാണ് ഒപ്പിട്ട പരാതി സമർപ്പിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പെൺകുട്ടികൾക്ക് മാത്രമാണ് ശൗചാലയമുള്ളത്. ഹയർ സെക്കൻഡറി വിഭാഗത്തിന് കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും ഹൈസ്‌കൂൾ വിഭാഗത്തിെൻറ ടോയ്‌ലെറ്റാണ് ആൺകുട്ടികൾ ഉപയോഗിക്കുന്നത്. പ്രശ്നങ്ങൾ പലതവണ ജില്ല പഞ്ചായത്തിനെയും ഗ്രാമപഞ്ചായത്തിനെയും അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. പഴയ ടാങ്കിൽ മലിനജലം കെട്ടിക്കിടക്കുന്നത് മൂലം ദുർഗന്ധം വമിക്കുകയാണ്. ജില്ല പഞ്ചായത്ത് രണ്ടര ലക്ഷം രൂപ 2018-19 വാർഷിക പദ്ധതിയിൽ നീക്കിവെച്ചിട്ടുണ്ടെന്ന് അംഗം യു. രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.