മാനദണ്ഡം കടുപ്പിച്ച് ധനവകുപ്പ്; പെൻഷന് ഇനി ഡോക്ടറുടെ സർട്ടിഫിക്കറ്റ്​ പറ്റില്ല

മഞ്ചേരി: സാമൂഹിക പെൻഷൻ പദ്ധതിയിൽ അനർഹർ ആരുമുൾപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ധനവകുപ്പ് കർശന നടപടി തുടങ്ങി. വയസ്സ് തെളിയിക്കാൻ രേഖയില്ലാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റുമായി വന്ന് പെൻഷന് അപേക്ഷിച്ചിരുന്ന രീതി നിർത്തിയതായി ധനവകുപ്പ് ജോയൻറ് സെക്രട്ടറി ബി. പ്രദീപ്കുമാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. സ്കൂൾ സർട്ടിഫിക്കറ്റടക്കമുള്ള രേഖകളുടെ അഭാവത്തിൽ ആധാർ ഉപയോഗിക്കാം. പട്ടികവർഗക്കാർക്കും 80 കഴിഞ്ഞവർക്കും ആധാറടക്കമുള്ള രേഖകളില്ലെന്ന് തദ്ദേശസ്ഥാപന സെക്രട്ടിക്ക് ബോധ്യപ്പെട്ടാൽ മാത്രം ഡോക്ടർ നൽകിയ പ്രായം കണക്കാക്കുന്ന രേഖ ഉപയോഗിക്കാം. 1200 ചതുരശ്ര അടിയുള്ള വീടുള്ളവരാണെങ്കിൽ പരിഗണിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കൂടുതൽ കർക്കശമാക്കി സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരുകയാണ് ഉദ്ദേശ്യം. കുടുംബ വാർഷിക വരുമാനം ലക്ഷം രൂപയിൽ കവിയൽ, സർവിസ് പെൻഷൻ വാങ്ങൽ, ആദായനികുതി നൽകൽ, അപേക്ഷകനോ കുടുംബത്തിനോ രണ്ടേക്കറിൽ കൂടുതൽ ഭൂമി എന്നിവയിലൊന്നുണ്ടായാൽ നേരത്തെ പെൻഷൻ കിട്ടിയിരുന്നില്ല. മരിക്കുന്നവരുടെയും പുനർവിവാഹം നടത്തുന്നവരുടെയും വിവരങ്ങൾ അംഗനവാടി ജീവനക്കാർ വഴി അപ്പപ്പോൾ ശേഖരിച്ച് സോഫ്റ്റ് വെയറിൽ നിന്ന് നീക്കണം. പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങൾ, ഗുണഭോക്താവ് മരിച്ചതായോ പുനർവിവാഹം കഴിച്ചതായോ ബോധ്യപ്പെട്ടാൽ ഉടൻ തദ്ദേശ സ്ഥാപന സെക്രട്ടറിയെ വിവരമറിയിക്കാനും നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.