നാടുകാണി ചുരം വഴി ലഹരിവസ്തുക്കളുടെ കുത്തൊഴുക്ക്

നിലമ്പൂർ: കർണാടകയിൽനിന്ന് കേരളത്തിലേക്ക് നിരോധിത ലഹരിവസ്തുക്കളുടെ കുത്തൊഴുക്ക്. നാടുകാണി ചുരം വഴിയാണ് കേരളത്തിൽ നിരോധിക്കപ്പെട്ട ഹാൻസ്, ചൈനികൊയ്നി, മധു തുടങ്ങിയവ ഒഴുകിയെത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ ഉൾെപ്പടെ ലഹരി ഇറക്കുമതിയുണ്ട്. പച്ചക്കറിയുടെ മറപറ്റിയാണ് ഇറക്കുമതി കൂടുതലും. മറ്റു സംസ്ഥാനാതിർത്തി ചെക്ക്പോസ്റ്റുകൾ ഒഴിവാക്കി ഇപ്പോൾ ചുരം പാതയാണ് ലഹരിമാഫിയ തെരഞ്ഞെടുത്തിരിക്കുന്നത്. പരിശോധന തീരെയില്ലാത്തതാണ് കാരണം. തിങ്കളാഴ്ച വഴിക്കടവിൽ 15 ലക്ഷത്തി‍​െൻറ ഹാൻസ് പിടിക്കപ്പെട്ടത് വാഹനം അപകടത്തിൽപ്പെട്ടതിനാൽ മാത്രമാണ്. കൊള്ളലാഭം തന്നെയാണ് ലഹരിപദാർഥങ്ങളുടെ കള്ളക്കടത്തിന് കാരണം. നിയമത്തി‍​െൻറ ലഘൂകരണവും ഇതിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. മൈസൂരുവിലെ പ്രധാന പലചരക്ക് മാർക്കറ്റായ വണ്ടിപാളയത്ത് നിന്നാണ് ലഹരിവസ്തുക്കളുടെ ശേഖരണം. ഗുണ്ടൽപേട്ട് പച്ചക്കറി മാർക്കറ്റിൽനിന്ന് പച്ചക്കറി കയറ്റി വണ്ടിപാളയത്ത് എത്തിയതിന് ശേഷമാണ് ലഹരിവസ്തുക്കൾ കയറ്റുന്നത്. ഇതിനായി പ്രത‍്യേക ഏജൻറുമാരുണ്ട്. 30 ചെറിയ പാക്കറ്റുകളടങ്ങുന്ന വലിയ പാക്കറ്റിന് മൈസൂരുവിൽ 220 രൂപയാണ് വില. കേരളത്തിൽ ഇത് 500 രൂപക്ക് മൊത്തമായി വ‍്യാപാരികൾക്ക് നൽകുന്നു. 1000 രൂപക്കാണ് ചില്ലറ വിൽപന. പ്രധാനമായും കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളും വിദ‍്യാർഥികളുമാണ് ഉപഭോക്താക്കൾ. ബംഗാളികൾക്ക് പണിസ്ഥലങ്ങളിൽ എത്തിച്ചുനൽകാൻ പ്രത‍്യേക ചെറുകിട ഏജൻസികളുണ്ട്. തൃശൂർ, എറണാകുളം, കൊല്ലം, പെരിന്തൽമണ്ണ, വേങ്ങര, മലപ്പുറം, കോഴിക്കോട് എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. മുമ്പ് ട്രെയിൻ മാർഗവും ലഹരിവസ്തുകൾ എത്തിയിരുന്നു. കേരളത്തി‍​െൻറ അതിർത്തി പ്രദേശമായ വഴിക്കടവ് ആനമറിയിൽ വിവിധ വകുപ്പുകളുടെ നാല് ചെക്ക്പോസ്റ്റുകളുണ്ടെങ്കിലും പരിശോധന കാര‍്യക്ഷമമല്ലാത്തതാണ് ഇറക്കുമതി പത്തിരട്ടിയിലധികമായി വർധിക്കാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.