കനത്ത മഴ: പ്രഹരമേറ്റത്​ നെൽകർഷകർക്ക്​

ഒറ്റപ്പാലം: മഴസമൃദ്ധിയുമായി ഞാറ്റുവേലകൾ ഒന്നൊന്നായി പിന്നിടുമ്പോൾ മേഖലയിലെ തോടും പാടവും പുഴയുമെല്ലാം ജലസമൃദ്ധിയിലായി. ഒന്നര പതിറ്റാണ്ടിനിപ്പുറം ഒറ്റപ്പാലത്തെ നിള ഇരുകര മുട്ടി പരന്നൊഴുകിയത് ഇത്തവണയാണ്. ജലസംഭരണത്തിന് തടയണപോലുള്ള സംവിധാനമില്ലാത്ത ഒറ്റപ്പാലത്ത് മഴക്കാലത്തും നിള അരികുചേർന്നൊഴുകുന്ന അവസ്ഥയിലാണ്. ഒന്നാം വിള ഇറക്കിയ നെൽകർഷകർക്കാണ് കനത്ത മഴ പ്രഹരമേൽപ്പിച്ചത്. വിഷു നാളുകളിൽ വിതച്ച വിത്ത് പൂർണമായും വെള്ളം മൂടി നശിച്ച സാഹചര്യത്തിൽ ഒന്നാം വിള ഉപേക്ഷിച്ച കർഷകർ ഏറെയാണ്. അടിക്കടി ശക്തിയായി പെയ്യുന്ന മഴയെ അതിജീവിച്ച നെൽച്ചെടികൾ വരൾച്ച മുരടിച്ച അവസ്ഥയിലാണ്. വെള്ളം മൂടിക്കിടക്കുന്ന പാടങ്ങളിൽ വളപ്രയോഗത്തിന് സാഹചര്യമില്ലാത്തതും കർഷകരെ നിരാശപ്പെടുത്തുന്നു. അമിത മഴ വാഴകർഷകർക്ക് നഷ്ടക്കണക്ക് വർധിപ്പിച്ചു. കനത്ത മഴയിൽ താറുമാറായത് മേഖലയിലെ റോഡുകളാണ്. ഇതിൽ ഭീകരാവസ്ഥയിലുള്ള റോഡുകളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്താണ് ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പ്രധാന പാത. കുഴികളും ചളിക്കുളവും താണ്ടി വേണം ഇതുവഴി വാഹങ്ങൾക്ക് സഞ്ചരിക്കാൻ. മരം വീണും മറ്റുമുള്ള നാശനഷ്ടങ്ങൾ വേറെയും. പടം: ഇരുകരമുട്ടി പരന്നൊഴുകുന്ന നിളയുടെ ഒറ്റപ്പാലത്തെ അപൂർവ കാഴ്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.