box..... ലേലം ചെയ്തെടുത്ത പത്തുസെൻറ് ഭൂമി സ്വന്തമാക്കാനാകാതെ ഹംസ നിലമ്പൂർ: ലേലം ചെയ്തെടുത്ത പത്ത് സെൻറ് ഭൂമി സ്വന്തമാക്കാനാകാതെ ഹംസകുട്ടി വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. ഞെട്ടിക്കുളം ഗ്രാമീണ ബാങ്ക് കുറുമ്പലങ്ങോട് വില്ലേജിലെ സ്വകാര‍്യവ‍്യക്തിയുടെ ജപ്തി ചെയ്ത പത്ത് സെൻറ് ഭൂമി 2012ൽ പാതാറിലെ നാരങ്ങാതൊടിക ഹംസകുട്ടി 2.75 ലക്ഷം രൂപക്ക് ലേലത്തിൽ പിടിച്ചു. ലേല ദിവസം 41,250 രൂപയും പിന്നീട് തഹസിൽദാർ മുമ്പാകെ ബാക്കി തുകയും നൽകി. എന്നാൽ ഇതുവരെ ഭൂമി ഹംസയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതുമൂലം സ്ഥലത്ത് പ്രവേശിക്കാനോ വീട് നിർമിക്കാനോ കഴിഞ്ഞിട്ടില്ല. ജപ്തി ചെയ്ത നടപടിക്കെതിരെ ഭൂഉടമ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതാണ് ഹംസകുട്ടിക്ക് തിരിച്ചടിയായത്. ഭൂമി തെൻറ പേരിൽ രജിസ്റ്റർ ചെയ്യുകയോ നൽകിയ പണം തിരിച്ചുതരുകയോ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് വില്ലേജ് ഓഫിസ് മുതൽ കലക്ടറേറ്റ് വരെ ഹംസകുട്ടി കയറിയിറങ്ങി. വകുപ്പ് മന്ത്രിയേയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വിഷയം കോടതിയിലായതിനാൽ വിധി വരുന്നതുവരെ മറ്റൊന്നും ചെയ്യാൻ നിവൃത്തയില്ലെന്നാണ് അധികൃതർ പറയുന്നത്. വിദ‍്യാർഥികളായ മൂന്ന് കുട്ടികളും ഭാര‍്യയുമടങ്ങുന്ന അദ്ദേഹത്തിെൻറ നിർധന കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. കുടുംബവകയുള്ള സ്വത്ത് വിറ്റുകിട്ടിയ പണമാണ് ലേലത്തിന് നൽകിയത്. ഭൂമി തനിക്ക് ലഭ‍്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ‍്യപ്പെട്ട് ബന്ധപ്പെട്ട ഉദ‍്യോഗസ്ഥർക്കെതിരെ ഹംസകുട്ടി സിവിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.