കരുളായി പാണ്ട്യാലംപാടം ചെറുകിട ജലസേചന പദ്ധതി പ്രവര്‍ത്തനം തുടങ്ങി

കരുളായി: പഞ്ചായത്തിലെ കാര്‍ഷിക മേഖലക്ക് വെള്ളമെത്തിക്കാന്‍ പാണ്ട്യാലം പാടം ചെറുകിട ജലസേചന പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. പാണ്ട്യാലംപാടം, ചീരപ്പാടം എന്നീ രണ്ട് പാടശേഖരങ്ങള്‍ക്ക് കീഴില്‍ വരുന്ന പിലക്കാൽ, വാരിക്കല്‍, മുക്കം, കൊയലംമുണ്ട, കളംകുന്ന് മേഖലയിലെ കൃഷിയിടങ്ങളിലേക്കാണ് പദ്ധതി പ്രകാരം വെള്ളമെത്തുക. ജലസേചന സൗകര്യമില്ലാത്തതിനാല്‍ കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍നിന്ന് കര്‍ഷകര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ജലസേചന പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതോടെ തരിശായിക്കിടക്കുന്ന ഈ കൃഷിയിടങ്ങളില്‍ കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. കരുളായി ഗ്രാമപഞ്ചായത്തി‍​െൻറ പ്രഥമ ഭരണസമിതിയുടെ കാലത്താണ് പാണ്ട്യാലംപാടം ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2005ല്‍ വാരിക്കല്‍ വളയംകുണ്ടില്‍ പദ്ധതിക്കാവശ്യമായ കിണറും പമ്പ് ഹൗസും നിർമിച്ചിരുന്നു. 17 വര്‍ഷം പല കാരണങ്ങളാൽ പദ്ധതി മുടങ്ങിക്കിടന്നു. പിന്നീട് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പദ്ധതി പി.വി. അന്‍വര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. മനോജ്, കെ. മിനി, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലിം, കൃഷി ഓഫിസര്‍ കെ.വി. ശ്രീജ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും കര്‍ഷകരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.