പുതുനഗരം: കുടിവെള്ള പദ്ധതികളിൽ പൊതുടാപ്പുകൾ ഒഴിവാക്കാൻ തീരുമാനം. ത്രിതല പഞ്ചായത്ത് വഴി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലാണ് പൊതുടാപ്പുകൾ അനുവദിക്കരുതെന്ന് തീരുമാനിച്ചത്. പൊതുടാപ്പുകളിലൂടെ വൻതോതിൽ ജലം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടുകളിൽ കണക്ഷൻ നൽകുന്ന പദ്ധതിക്ക് േപ്രാത്സാഹനം നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിച്ചത്. കൊല്ലങ്കോട് ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽ പൈപ്പ് ദീർഘിപ്പിക്കൽ പ്രവൃത്തി ജല അതോറിറ്റി തുടങ്ങിയെങ്കിലും ഒരിടത്തുപോലും പൊതുടാപ്പ് സ്ഥാപിക്കാൻ ഫണ്ട് വകയിരുത്തിയിട്ടില്ല. കരാർ നൽകിയപ്പോൾ പൊതു ടാപ്പ് സ്ഥാപിക്കാതെ പൈപ്പുകൾ ദീർഘിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശാരദ തുളസിദാസ് പറഞ്ഞു. പൊതുടാപ്പുകൾ സ്ഥാപിക്കാൻ ഫണ്ട് വിനിയോഗിക്കാമെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യതയാകുന്നുവെന്നാണ് പഞ്ചായത്തുകളുടെ നിലപാട്. കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കുകളിൽ കുടിവെള്ളക്ഷാമം നേരിടുന്ന സമയങ്ങളിൽ പൊതുടാപ്പുകൾ ഇല്ലാതാകുന്നത് ജനത്തെ കൂടുതൽ ദുരിതത്തിലാക്കും. വാടകക്കും പുറംപോക്കിലും കനാൽ വരമ്പുകളിലും താമസിക്കുന്നവർ പൊതുടാപ്പുകളെയാണ് ആശ്രയിക്കുന്നത്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും കൃഷിക്കും കുടിവെള്ളത്തിനും പാർപ്പിടത്തിനുമാണ് കൂടുതൽ തുക നീക്കിവെച്ചത്. സാധാരണക്കാർക്കും വഴിയാത്രക്കാർക്കും സഹായകമായിരുന്ന പൊതുടാപ്പുകളെ നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗായത്രിപുഴയിൽ വ്യാപക കൈയേറ്റം; അനക്കമില്ലാതെ അധികൃതർ കൊല്ലങ്കോട്: ഗായത്രിപുഴയിലെ അനധികൃത കൈയേറ്റം തടയണകളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതായി പരാതി. കൊല്ലങ്കോട്, മുതലമട, പല്ലശ്ശന പഞ്ചായത്തുകളിലാണ് ഗായത്രി പുഴ കൈയേറി കൃഷിയിറക്കുന്നത്. ഹ്രസ്വകാല വിളകളായ പച്ചക്കറി, വാഴ എന്നിവക്ക് പുറമെ ദീർഘകാല വിളയായ തെങ്ങും കൈയേറ്റ ഭൂമിയിൽ കൃഷി ചെയ്തതോടെയാണ് സ്വാഭാവിക നീരൊഴുക്കിന് പോലും തടസ്സമായത്. മുതലമട പഞ്ചായത്തിലെ വലിയചള്ള മുതൽ കൊല്ലങ്കോട് ഊട്ടറ പാലം വരെയുള്ള ഗായത്രി പുഴപ്രദേശത്ത് 200 ഏക്കറിലധികം സ്ഥലമാണ് കൈയേറിയത്. പത്ത് വർഷം മുമ്പ് പുഴ കൈയേറി തെങ്ങും കവുങ്ങും കൃഷി ചെയ്തവരുമുണ്ട്. പുഴ കൈയേറ്റത്തിനെതിരെ പരാതി നൽകിയാലും അധികൃതർ നടപടിയെടുക്കാത്തതാണ് കൈയേറ്റം വർധിക്കാൻ കാരണമെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. പുഴയുടെ പകുതിയോളം കൈയേറിയതായും ഇവർ ആരോപിക്കുന്നു. മുതലമട കുറ്റിപ്പാടത്തിനടുത്ത് ഗായത്രി പുഴയുടെ ചെക്ക്ഡാം പ്രദേശം കൈയേറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൈയേറ്റത്തിനെതിരെ നടപടിയെടുക്കാൻ കലക്ടറും ഇറിഗേഷൻ ഉദ്യോഗ്സ്ഥരും തയാറായില്ലെങ്കിൽ ഗായത്രിപുഴയും മറ്റു ഉപപുഴകളും നശിക്കുന്ന അവസ്ഥയിലാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.