നാട്ടുകാരുടെ ആവശ്യങ്ങൾക്ക് പുല്ലുവില; തിരൂരങ്ങാടി മേഖലയിൽ ദുരന്തമുണ്ടായത് അധികൃതരുടെ അനാസ്ഥമൂലം തിരൂരങ്ങാടി: മേഖലയിൽ കടലുണ്ടിപ്പുഴ കരകവിഞ്ഞൊഴുകിയത് അധികൃതരുടെ കടുത്ത അനാസ്ഥമൂലം. കടലുണ്ടിപ്പുഴയിൽനിന്ന് പൂരപ്പുഴ വഴി കടലിലേക്കൊഴുകുന്ന പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് കനാലിൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറാനിടയാക്കിയത്. കനാലിൽ പൂരപ്പുഴയോട് ചേരുന്ന ഭാഗത്തെ നടപ്പാലത്തിൽ വലിയ മരങ്ങളും മാലിന്യവും അടിഞ്ഞുകൂടിയിരുന്നു. ഇവ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഒഴുക്ക് തടസ്സപ്പെടുമെന്നും നേരത്തേ നാട്ടുകാർ നിരവധിതവണ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യം മുഖവിലയ്ക്കെടുക്കാത്തതിനാലുള്ള ദുരന്തമാണ് സംഭവിക്കാനിടയായത്. ഒഴുക്ക് തടസ്സപ്പെട്ട് ജലനിരപ്പ് ഉയർന്നപ്പോഴും പലതവണ നാട്ടുകാർ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇതോടെ ഇക്കാലമത്രയും വെള്ളം കയറാതിരുന്ന ഉയർന്ന മേഖലകളിൽ പോലും കയറാനിടയായി. അധികൃതരുടെ കടുത്ത അനാസ്ഥമൂലം നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. അവഗണന തുടർന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് കയറിൽ കൊളുത്തിട്ട് വലിച്ച് നീക്കംചെയ്യാൻ ശ്രമം തുടങ്ങുകയായിരുന്നു. ഇതിനിടെ, പ്രദേശത്തെ സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്ന് കലക്ടറെ ഫോണിൽ നേരിട്ട് ബന്ധപ്പെടുകയും ഫോട്ടോസഹിതം വിവരമറിയിക്കുകയും സംഭവത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണുതുറന്നത്. തുടർന്ന്, കലക്ടറുടെ നിർദേശപ്രകാരം തടസ്സം നീക്കാൻ നേവി സംഘമെത്തി. നേവി സംഘം ചെറിയതോതിൽ നീക്കം ചെയ്ത് മടങ്ങുകയായിരുന്നു. തുടർന്ന്, നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും ഫറോക്കിൽ നിന്നെത്തിയ ഖലാസികളും തീരദേശ തൊഴിലാളികളും ചേർന്ന് ജീവൻ പണയം വെച്ചാണ് മാലിന്യം നീക്കിയത്. തടസ്സം നീക്കിയതോടെ പുഴയിൽ വെള്ളം വേഗത്തിൽ ഒഴുകിത്തുടങ്ങി. ഇതോടെ ജലനിരപ്പ് കുറയുകയും തിരൂരങ്ങാടി, പരപ്പനങ്ങാടി, പാലത്തിങ്ങൽ, പള്ളിപ്പടി ഭാഗങ്ങളിലും മറ്റു പ്രദേശങ്ങളിലെയും വീടുകളിലെയും വെള്ളം ഇറങ്ങി. പുഴവെള്ളത്തിെൻറ ഒഴുക്ക് തടസ്സം നീക്കാൻ നാട്ടുകാർ നടത്തിയ കഠിനശ്രമം ജനങ്ങൾക്ക് ഏറെ ആശ്വാസമായി. ഫോട്ടോ: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് കനാലിൽ നടപ്പാലത്തിൽ ഒഴുക്ക് തടസ്സപ്പെട്ട് വലിയ മരങ്ങളും മാലിന്യങ്ങളും അടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.