പിതൃതർപ്പണം നടത്തി വിശ്വാസികൾ അമരമ്പലം സൗത്ത് ക്ഷേത്രത്തിൽ കർക്കടക വാവുബലി നടന്നു

പൂക്കോട്ടുംപാടം: കനത്ത മഴയും പുഴയിലെ ക്രമാതീതമായ വെള്ളപ്പൊക്കവും കാരണം അമരമ്പലം സൗത്ത് ശിവക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവിന് നടത്താനിരുന്ന ബലിതർപ്പണം വേണ്ടെന്ന് വെച്ചിരുന്നുവെങ്കിലും ക്ഷേത്രത്തിൽ ദിവസേനയുള്ള ബലിതർപ്പണം മുടക്കം കൂടാതെ നടന്നു. 360 വിശ്വാസികൾ പിതൃതർപ്പണം നടത്താനെത്തി. പുഴയിലെ ശക്തമായ നീരൊഴുക്ക് കാരണം പ്രത്യേകം തയാറാക്കിയ ജലസംഭരണിയിലെ വെള്ളമുപയോഗിച്ചാണ് സ്നാനം നടത്തിയത്. പൊലീസ് നിർദേശാനുസരണം പുഴയിലേക്ക് ആരെയും കടത്തി വിട്ടിരുന്നില്ല. കഴിഞ്ഞ വർഷം കർക്കടക വാവിന് ഈ പുണ്യ സങ്കേതത്തിൽ 3820 ആളുകളാണ് പിതൃപുണ്യം തേടി ബലിതർപ്പണത്തിനെത്തിയിരുന്നത്. ശനിയാഴ്ച നടന്ന ബലിതർപ്പണ ചടങ്ങിന് അരയൂർ ശിവകുമാർ നമ്പീശൻ, മംഗലംപറ്റ രാധാകൃഷ്ണൻ നമ്പീശൻ എന്നിവർ കാർമികത്വം നൽകി. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി വി.എം. വിജയകുമാർ എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്ര ഭരണസമിതി ചടങ്ങിന് നേതൃത്വം നൽകി. കർമസമിതി അംഗങ്ങൾ ജാഗ്രതയോടെ പ്രവർത്തന രംഗത്തുണ്ടായിരുന്നു. എസ്.ഐ. പി. വിഷ്ണുവി‍​െൻറ നേതൃത്വത്തിൽ പൊലീസ് ചടങ്ങിന് സുരക്ഷ ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.