വീട്ടിൽ നിധിയുണ്ടെന്ന് പറഞ്ഞ് 82 ലക്ഷം തട്ടിയ സിദ്ധൻ പിടിയിൽ

മണ്ണാർക്കാട്: വീട്ടിൽ നിന്ന് നിധി എടുത്തു തരാമെന്ന് പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി 82 ലക്ഷം രൂപ തട്ടിയെടുക്കുകയും നാലുകോടി രൂപ വിലയുണ്ടെന്ന് പറഞ്ഞ് വജ്രം നൽകി കബളിപ്പിക്കുകയും ചെയ്ത സിദ്ധൻ പിടിയിൽ. ചെർപ്പുളശ്ശേരി നെല്ലായയിലെ മഞ്ഞളിങ്ങൽ അബ്ദുൽ അസീസിനെയാണ് (62) പൊലീസ് അറസ്റ്റ് ചെയ്തത്. കുമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശിനിയുടെ പരാതിയെ തുടർന്നാണിത്. 2016 ആഗസ്റ്റിലായിരുന്നു സംഭവം. ഇവരുടെ ഭർത്താവി​െൻറ കോട്ടക്കലിലുള്ള വീട്ടിൽ കോടികൾ വിലമതിക്കുന്ന നിധിയുണ്ടെന്നും അത് എടുത്തുതരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നിധി കണ്ടെത്തുന്നതി​െൻറ ഭാഗമായി വീട്ടിൽ വിവിധ ചടങ്ങുകൾ നടത്തിയതായും പറയുന്നു. നിധി സംബന്ധിച്ച് തുടർച്ചയായി സിദ്ധനോട് അന്വേഷിച്ചപ്പോൾ നാലുകോടി വിലയുണ്ടെന്ന് പറഞ്ഞ് വീട്ടുകാർക്ക് വജ്രം നൽകുകയായിരുന്നു. എന്നാൽ, ഇത് കോഴിക്കോട്ട് വിൽക്കാനായി എത്തിച്ചപ്പോൾ ക്ഷേത്രങ്ങളിലും മറ്റും പൂജക്കായി ഉപയോഗിക്കുന്ന വിലകുറഞ്ഞ വജ്രമാണെന്നാണ് മനസ്സിലായത്. തുടർന്ന് പണം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ടപ്പോൾ 20 ലക്ഷം രൂപ വീതമുളള നാല് ബാങ്ക് ചെക്കുകൾ നൽകിയതായും ഇതുമായി ബാങ്കിൽ ചെന്നപ്പോൾ ചെക്കിലെ ഒപ്പ് യഥാർഥമല്ലെന്ന് പറഞ്ഞ് മടക്കിയതായും പറയുന്നു. തുടർന്നാണ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയത്. അബ്ദുൽ അസീസിന് ചെർപ്പുളശ്ശേരിയിലും നിലമ്പൂരിലും ഭാര്യമാരുണ്ട്. മണ്ണാർക്കാട് സി.ഐ ടി.പി ഫർസാദ്, എസ്.ഐ വിപിൻ കെ. വേണുഗോപാൽ, സി.പി.ഒമാരായ നാസർ, നവാസ്, ഷാഫി, രാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.