കൈയേറ്റത്തിന് മുന്നിൽ കൈയുംകെട്ടി നിൽക്കില്ല; മുഖം നോക്കാതെ നടപടി -എം.എൽ.എ പട്ടാമ്പി: കൈയേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. പൊതുസ്ഥലങ്ങൾ കൈയേറിയത് താലൂക്ക് സമിതി യോഗത്തിൽ ഉന്നയിക്കപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ എം.എൽ.എ തുറന്നടിച്ചത്. പൊതുമരാമത്ത് വകുപ്പ് ആരെയാണ് പേടിക്കുന്നത്. സർക്കാർ സ്ഥലം കൈയേറി കെട്ടിടം നിർമിക്കുന്നത് ആരായാലും നടപടിയെടുത്തെ പറ്റൂ. അതിന്മേൽ പഴി കേൾക്കുന്നത് എം.എൽ.എയും മറ്റു ജനപ്രതിനിധികളുമാണ്. ഈ സ്ഥാനം എന്നും ഉണ്ടാവുമെന്നൊന്നും കരുതുന്നില്ല. വെറുതെ പഴി കേൾക്കാനും തയാറല്ല -എം.എൽ.എ പറഞ്ഞു. മുതുതല പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ അന്യാധീനപ്പെട്ടത് മുസ്ലിം ലീഗ് പ്രതിനിധി പി.ടി. മുഹമ്മദും വല്ലപ്പുഴ ഗേറ്റിലും മുളയങ്കാവ് റോഡിലുമുള്ള കൈയേറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മയും സമിതിയിൽ അവതരിപ്പിച്ചപ്പോഴാണ് എം.എൽ.എ നയം വ്യക്തമാക്കിയത്. രണ്ടര വർഷമായി സമിതിയിൽ ഉന്നയിക്കുന്ന വിഷയമാണ് വല്ലപ്പുഴയിലെ കൈയേറ്റം. അഴുക്കുചാലിന് മേൽ സ്ലാബിട്ട് ഹോട്ടൽ പണിതത് പൊതുമരാമത്ത് വകുപ്പിന് കണ്ടുകൂടെ എന്ന് പ്രസിഡൻറ് ചോദിച്ചു. റിപ്പോർട്ട് അയച്ചിട്ടുണ്ടെന്ന് വകുപ്പുദ്യോഗസ്ഥെൻറ മറുപടി അവരെ ക്ഷുഭിതയാക്കി. മുളയങ്കാവ് റോഡിലും അഴുക്കുചാലിന് മേൽ ചായക്കടയാണ്. ചാലിനപ്പുറവും സ്വകാര്യ സ്ഥലമാവുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം അന്വേഷിച്ച് കൈയേറ്റം പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകണമെന്ന് അധ്യക്ഷത വഹിച്ച മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ നിർദേശിച്ചു. ഓങ്ങല്ലൂർ-കാരക്കാട് റോഡിൽ കൈയേറ്റം വ്യക്തം. പക്ഷേ, റീസർവേ നടത്തിയപ്പോൾ എവിടെയും കൈയേറ്റമില്ല. മുളയങ്കാവ്-വല്ലപ്പുഴ സ്ഥിതിയും വ്യത്യസ്തമല്ലെന്നും എം.എൽ.എ പറഞ്ഞു. കൈയേറ്റങ്ങൾ സാധൂകരിക്കുകയാണ് റീസർവേ ചെയ്യുന്നതെന്നും എം.എൽ.എ കുറ്റപ്പെടുത്തി. മുതുതല പഞ്ചായത്തിലെ റീസർവേ വഴി പൊതുസ്ഥലങ്ങൾ നഷ്ടപ്പെട്ടതാണ് പി.ടി. മുഹമ്മദ് പരാമർശിച്ചത്. മുതുതലയിലെ റീസർവേ മുഴുവൻ തെറ്റാണെന്ന് ഭൂരേഖ തഹസിൽദാർ സുനിൽ മാത്യു മറുപടി നൽകി. 2008ൽ റീസർവേ നടത്തിയത് ട്രെയിനികളാണെന്നാണ് മനസ്സിലാക്കുന്നത്. ഇതിൽ നിറയെ ക്രമക്കേടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് ഉഴവുകൂലി ലഭിക്കാത്തതും തൃത്താലയിൽ അംഗൻവാടിയിലുണ്ടായ ഭക്ഷ്യവിഷബാധയും വി.ടി. ബൽറാം എം.എൽ.എ സമിതിയിലുന്നയിച്ചു. ഉഴവുകൂലി ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ മാത്രം ലഭിക്കുന്നതിലെ വൈരുധ്യവും അദ്ദേഹം ഉദ്ധരിച്ചു. തൃത്താലയിൽ അംഗൻവാടിയിൽ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾ മറ്റെവിടെയെങ്കിലും വിതരണം ചെയ്തിട്ടുണ്ടോ എന്നും എം.എൽ.എ ആരാഞ്ഞു. മറുപടി പറയാൻ കൃഷി, ഐ.സി.ഡി.എസ് പ്രതിനിധികളില്ലാത്തത് ബൽറാം ചോദ്യം ചെയ്തു. വകുപ്പ് തലവന്മാർ വരാതിരിക്കുകയും പ്രതിനിധികൾക്ക് കൃത്യമായ മറുപടി പറയാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് ആശ്വാസ്യമല്ലെന്നും എം.എൽ.എ പറഞ്ഞു. ഇതിനിടെ പട്ടാമ്പി എ.ഡി.എ സൂസൻ ബഞ്ചമിൻ യോഗത്തിലെത്തി. കിഴക്കൻ പ്രദേശങ്ങളിൽ ഒന്നാം വിളയെടുക്കുന്നുണ്ടെന്നും അവരുടെ റിപ്പോർട്ട് ആദ്യം ലഭിക്കുന്നുവെന്നും പടിഞ്ഞാറൻ പ്രദേശത്ത് രണ്ടാ൦വിള കൃഷി ചെയ്യുന്നതിനാൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ഡിസംബർ മാസമാവുമെന്നും അവർ പറഞ്ഞു. ത്രിതല പഞ്ചായത്തുകളാണ് ഫണ്ട് വെക്കുന്നത്. ഇതിലെ പോരായ്മയും വിതരണത്തെ ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം കാളിയർവട്ടം കടവിൽനിന്ന് മണലെടുപ്പ് നടത്തുന്നത് പ്രസിഡൻറ് ടി.പി. ശാരദയും വിളയൂരിൽ പൈപ്പ് പൊട്ടിയത് ശരിയാക്കാത്തതും ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ് വിതരണം ചെയ്യാത്തതും പ്രസിഡൻറ് കെ. മുരളിയും സമിതിയിൽ അറിയിച്ചു. ക്വാറി-മണൽ മാഫിയകൾക്കെതിരെ റവന്യൂ വകുപ്പ് നടപടി ഊർജിതമാക്കിയിട്ടുണ്ടെന്ന് തഹസിൽദാർ കാർത്യായനി ദേവി പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്ന പരാതിയും അവരുന്നയിച്ചു. സിവിൽ സ്റ്റേഷന് മുന്നിലെ റോഡിെൻറ ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിങ് ട്രാഫിക് തടസ്സമുണ്ടാക്കുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ചൂണ്ടിക്കാട്ടി. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രതിനിധി സി.എം. അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി. മുഹമ്മദ്, ഇ.പി. ശങ്കരൻ, കെ.പി. അബ്ദുറഹിമാൻ, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി തഹസിൽദാറായ വി.പി. സെയ്തുമുഹമ്മദ്, ടി.പി. കിഷോർ എന്നിവർ മിനുട്സും കഴിഞ്ഞ സമിതിയോഗം തീരുമാനത്തിലെടുത്ത നടപടികളും സമിതിയിൽ വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.