പാലക്കാട് നഗരസഭയിൽ അവിശ്വാസ പ്രമേയം: ഇന്ന് ചർച്ച; മനസ്സു തുറക്കാതെ സി.പി.എം

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ സ്ഥിരസമിതി അധ്യക്ഷന്മാർക്കെതിരെ യു.ഡി.എഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയങ്ങൾ ശനിയാഴ്ച ചർച്ചക്കെടുക്കും. എന്നാൽ, ഇതുവരെ സി.പി.എം മനസ്സു തുറക്കാത്തത് ബി.ജെ.പിയെയും യു.ഡി.എഫിനെയും മുൾമുനയിലാക്കുന്നു. ശനിയാഴ്ച രാവിലെ എട്ടരയോടെ നിലപാട് വ്യക്തമാക്കുമെന്നാണ് സി.പി.എം നിലപാട്. ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ കോൺഗ്രസുമായി നീക്കുപോക്ക് ആകാമെന്ന് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ വെല്ലുവിളിയാണ് സി.പി.എം പാലക്കാട്ട് നേരിടുന്നത്. ബി.ജെ.പി കൗൺസിലർമാർ അധ്യക്ഷ പദവി വഹിക്കുന്ന വികസനം, ആരോഗ്യം, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരെയാണ് യു.ഡി.എഫ് ആദ്യഘട്ടത്തിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇതിൽ വിദ്യാഭ്യാസ സ്ഥിരസമിതിയിൽ യു.ഡി.എഫിന് ആരുടെയും പിന്തുണയില്ലാതെ പ്രമേയം വിജയിപ്പിക്കാം. എന്നാൽ, മറ്റു സ്ഥിരസമിതിയിൽ സി.പി.എം പിന്തുണയുണ്ടെങ്കിൽ മാത്രമാണ് അധ്യക്ഷന്മാരെ പുറത്താക്കാനാകുക. അടുത്ത ഘട്ടത്തിൽ ചെയർപേഴ്സനെതിരെയും വൈസ് ചെയർമാനെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യു.ഡി.എഫ് നീക്കം. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെ നൽകിയ അവിശ്വാസ പ്രമേയ നൊട്ടീസ് മേയ് മൂന്നിന് ചർച്ചക്കെടുക്കും. ഒരു യു.ഡി.എഫ് കൗൺസിലർ ചികിത്സയിലായതിനാൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസ് പിന്നീട് നൽകും. അവിശ്വാസ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച യു.ഡി.എഫ് കൗൺസിലർമാരുടെ പ്രത്യേക യോഗം ചേർന്നു. അംഗങ്ങൾക്ക് പാർട്ടി നേതൃത്വം വിപ്പ് നൽകിയിട്ടുണ്ട്. നഗരസഭയിലെ ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ്-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് ബി.ജെ.പി വാദം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് വിഷയം പ്രചാരണായുധമാക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.