കാനനച്ചോലകൾ ആടു മേയ്​ക്കാൻ മാത്രമല്ല, ജലസംരക്ഷണത്തിനും

നിലമ്പൂർ: കാനനത്തിലെ നീർചോലകളുടെ ഉൽഭവസ്ഥലത്തെ ചതുപ്പ് നിലങ്ങൾ കണ്ടെത്തി സംരക്ഷിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. വന‍്യജീവികൾ വിഹരിക്കുന്ന കാട്ടിലൂടെ കൊട്ടയും വട്ടിയുമായി കിലോമീറ്ററുകൾ കാൽനടയായും മറ്റും താണ്ടിയാണ് വനംവകുപ്പി‍​െൻറ അനുമതിയോടെ ഇവർ കല്ലളചോലയുടെ ഉൽഭവസ്ഥാനത്തെത്തിയത്. കൊടും വേനലിൽ പോലും ഉറവവറ്റാത്ത നാടുകാണി ചുരത്തിലെ കല്ലള ചോല ഇക്കുറി നേരത്തെ വറ്റി. ചോലയുടെ ഉൽഭവസ്ഥാനം തേടിയായിരുന്നു ഞായറാഴ്ച ഫ്രൻഡ്സ് ഓഫ് നാച്വർ ജില്ല ചാപ്റ്റർ അംഗങ്ങളുടെ യാത്ര. പിന്തുണയുമായി വഴിക്കടവ് റേഞ്ച് ഓഫിസർ സമീറും മറ്റു വനപാലകരും. പശ്ചിമഘട്ട മലനിരകളുടെ ഉയർന്ന പർവതപ്രദേശങ്ങളിലൊന്നായ വലിയ അട്ടക്കുളം വനമേഖലയായിരുന്നു ലക്ഷ‍്യസ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 1200ലധികം ഉയരത്തിലുള്ള പർവതഭാഗമാണിത്. ഇവിടെയാണ് കല്ലള ചോലയുടെ ഉൽഭവകേന്ദ്രം. തമിഴ്നാട് അതിർത്തിയിലെ പോപ്പ്സൺ എസ്റ്റേറ്റ് വഴിയായിരുന്നു ചെങ്കുത്തായ മലപ്രദേശത്തിലൂടെയുള്ള യാത്ര. ഉച്ചയോടെ അട്ടക്കുളം വനമേഖലയിലെത്തി. എബണി (കരിമരം), പന്തപൈൻ, എണ്ണപൈൻ തുടങ്ങിയ അപൂർവമരങ്ങളുടെ സാനിധ‍്യമുള്ള നിത‍്യഹരിത വനമേഖലയാണിത്. ഇവിടെ ഒരു ഏക്കറോളം ഭാഗം ചതുപ്പ് നിലമാണ്. ഇതിൽ ഉറഞ്ഞുകിടക്കുന്ന ജലം സംരക്ഷിക്കുകയായിരുന്നു ലക്ഷ‍്യം. മഴവെള്ള പാച്ചിലി‍​െൻറ കുത്തൊഴുക്കിൽ ചതുപ്പ് നിലം ഭീഷണിയിലാണെന്ന് വനം വാച്ചർമാരും കൂടാതെ ആദിവാസികളും വനം വകുപ്പിനെ അറിയിച്ചിരുന്നു. ഇവിടെ ഉറഞ്ഞുകൂടി കിടക്കുന്ന വെള്ളമാണ് വേനലിൽ കാട്ടുജീവികളുടെ ദാഹശമിനി. കഴുത്തറ്റം പൂന്തിരുന്ന ചതുപ്പ് നിലത്തിൽ മുട്ടിന് താഴെയാണ് ഇപ്പോൾ ചളി. ഇവിടെയുണ്ടായിരുന്ന മരത്തടികളും മറ്റും നീക്കം ചെയ്ത് ചാക്കുകളിൽ മണ്ണും കല്ലും നിറച്ച് മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനും തടയണ കെട്ടിയാണ് സംഘം മടങ്ങിയത്. റേഞ്ച് ഓഫിസറെ കൂടാതെ ഫോറസ്റ്റ് ഓഫിസർമാരായ ശിവദാസൻ, ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രമോദ്, പ്രജീഷ്, ശ്രീജൻ, വാച്ചർ റഷീദ്, ഫ്രൺസ് നാച്വർ അംഗങ്ങളായ പ്രോഫ. പി. കബീറലി, റഫീഖ് ബാബു, വഹാബ് മമ്പാട്, ഫൈസൽ മമ്പാട്, ജുമാൻ മമ്പാട്, ചെറി ഇല്ലിക്കൽ തുടങ്ങി മുപ്പതോളം പേരാണ് കാനനത്തിൽ മാതൃക പ്രവർത്തനം നടത്തിയത്. പടം:2 വനംവകുപ്പും ഫ്രൻഡ്സ് ഒാഫ് നാച്വർ ചാപ്റ്റർ അംഗങ്ങളും കൂടി വലിയ അട്ടക്കുളത്ത് ചതുപ്പ് നിലം സംരക്ഷിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.