വഖഫ്​ കൗൺസിൽ സെക്രട്ടറിയുടെ വീട്ടിലെ റെയ്​ഡ്​: വിജിലൻസ്​ അതിരുവി​െട്ടന്ന്​ ആ​േക്ഷപം

കോഴിക്കോട്: കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി ബി.എം. ജമാലി‍​െൻറ തറവാട് വീട്ടിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് സൂപ്രണ്ട് തെറ്റായ വിവരം നൽകിയതായി ആക്ഷേപം. ജമാലി​െൻറ സഹോദരൻ ബി.എം. നൗഷാദ് ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ജമാൽ കേരള വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറായിരിക്കെ 2007-2016 കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചില കേന്ദ്രങ്ങളിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണവും വീട്ടിൽ പരിശോധനയും നടന്നത്. അന്വേഷണത്തിന് നേതൃത്വം നൽകിയ കോഴിക്കോട് വിജിലൻസ് എസ്.പി അതിരുവിട്ട് പെരുമാറിയെന്നും തെറ്റായ റിപ്പോർട്ട് നൽകിയെന്നുമാണ് പരാതി. ജമാലിനെതിരെ വിജിലൻസ് സൂപ്രണ്ട് തയാറാക്കിയ കോൺഫിഡൻഷ്യൽ വെരിഫിക്കേഷൻ റിപ്പോർട്ടിൽ, ഒമ്പതേക്കർ വരുന്ന ത​െൻറ കൃഷിയിടവും വീടും ജമാലി​െൻറ ബിനാമി സ്വത്താണെന്നാണ് പറയുന്നത്. ഇത് ത​െൻറ വ്യക്തിത്വത്തെ ഇകഴ്ത്തുന്നതും വ്യാജവുമാണെന്ന് നൗഷാദ് പരാതിയിൽ പറയുന്നു. 24 വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറും വെസ്റ്റ് ലണ്ടൻ യൂനിവേഴ്സിറ്റി യു.എ.ഇ ബ്രാഞ്ച് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ത​െൻറ സമ്പാദ്യങ്ങളെല്ലാം നേരായ വഴിയിലൂടെയുള്ളതാണ്. ദുബൈയിലെ യുനൈറ്റഡ് അറബ് ബാങ്കിലുള്ള കോർപറേറ്റ് സാലറി അക്കൗണ്ടിൽനിന്ന് ഇന്ത്യയിലെ എൻ.ആർ.െഎ അക്കൗണ്ട് വഴി കൈകാര്യം ചെയ്തതാണ് ത​െൻറ സ്വത്തുവകകളെല്ലാമെന്നും നൗഷാദ് വ്യക്തമാക്കി. ബാങ്ക് രേഖകളും പരാതിയോടൊപ്പം വെച്ചിട്ടുണ്ട്. റെയ്ഡ് വിവരം പുറത്തുള്ള വ്യക്തികൾക്ക് ചോർത്തിക്കൊടുത്തുവെന്നും പരാതിയിലുണ്ട്. കഴിഞ്ഞ മാസമാണ് ജമാലി​െൻറ തറവാട് വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത്. റെയ്ഡിൽ കാര്യമായ രേഖകളോ തെളിവോ വിജിലൻസിന് കിട്ടിയില്ല. ഇതിന് നേതൃത്വം നൽകിയ വിജിലൻസ് എസ്.പി സുനിൽബാബു ഏപ്രിൽ രണ്ടിന് ഹൃദയാഘാതം മൂലം മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.