പൂജാരിയെ ബന്ദിയാക്കിയ സംഭവം: രണ്ടുപേർ പൊലീസിൽ കീഴടങ്ങി

ആലത്തൂർ: പൂജക്കെന്ന് പറഞ്ഞ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ പൂജാരിയെ ബന്ദിയാക്കിയ കേസിലെ പ്രതികളായ രണ്ടുപേർ ആലത്തൂർ പൊലീസിൽ കീഴടങ്ങി. ഹൈകോടതി നിർദേശപ്രകാരമാണ് മൂന്നാം പ്രതി കണ്ണമ്പ്ര ചൂർക്കുന്നിൽ അജിത്കുമാർ (44), ചിറ്റിലഞ്ചേരി വട്ടോംപാടത്ത് ജലീൽ (37) എന്നിവർ കീഴടങ്ങിയത്. ഈ കേസിൽ തമിഴ്നാട് സ്വദേശി ഭാരതി മോഹനനെ 2016 ഫെബ്രുവരിയിലും ധാരാപുരം നഞ്ചതളിയൂർ കന്തസ്വാമി പാളയം സ്വദേശി ശക്തിവേൽ എന്ന കട്ടപ്പയെ കഴിഞ്ഞ വർഷം ജൂണിലും അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയെന്ന് പറയുന്ന ആനമല സ്വദേശി ശാന്തകുമാർ 2016 സെപ്റ്റംബറിൽ വാഹനാപകടത്തിൽ മരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. 2016 ഫെബ്രുവരി 16നായിരുന്നു സംഭവം. കാവശ്ശേരി കഴനി ചുങ്കത്തിനടുത്ത് കാളമ്പത്ത് ഷൺമുഖൻ എന്ന മാണിക്ക സ്വാമിയേയും സഹായികളായ ശ്രീനിവാസൻ, സുനിൽ, സന്ദീപ്, കൃഷ്ണൻ, കാർ ഡ്രൈവർ വിനോദ് എന്നിവരെയുമാണ് പഴനിക്കടുത്ത് സത്രംപട്ടിയിൽ ബന്ദിയാക്കി ഒരു കോടി രൂപ തട്ടാൻ ശ്രമിച്ചത്. പൂജാരിയുടെ ഭാര്യ ഷീലയോടായിരുന്നു വിലപേശൽ. പിന്നീട് തുക 20 ലക്ഷമായി ഉറപ്പിച്ചു. തുടർന്ന് ഷീല ആലത്തൂർ പൊലീസിനെ അറിയിച്ചു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം ശ്രീനിവാസൻ ഒഴികെയുള്ള നാലുപേരെയും വാഹനവും വിട്ടയച്ചു. ശേഷം ശ്രീനിവാസനേയും പിന്നീട് പൂജാരിയേയും ഒട്ടൻഛത്രത്തിനടുത്ത് ഇറക്കി രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.