ബാഡ്ജ്​ വേണ്ടെന്ന ഉത്തരവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപ്പാക്കിത്തുടങ്ങി

കുറ്റിപ്പുറം: ചെറുകിട ടാക്സി വാഹനങ്ങൾക്ക് ബാഡ്ജ് വേണ്ടെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽനിന്ന് ബാഡ്ജില്ലാതെ ടാക്സി ഓടിക്കുന്നവരെ ഒഴിവാക്കിത്തുടങ്ങി. എന്നാൽ, പുതിയ ഉത്തരവിനെതിരെ സമ്മിശ്ര പ്രതികരണമാണുള്ളത്. സംസ്ഥാനത്തിന് പുറത്തേക്ക് അപരിചിതരുമായി പോകേണ്ട ടാക്സി ഡ്രൈവർമാർക്ക് ബാഡ്ജ് ടെസ്റ്റിലെ പരിജ്ഞാനമില്ലാത്തത് വിനയാകുമെന്നാണ് വിലയിരുത്തൽ. പ്രാഥമിക ശുശ്രൂഷ നൽകാനുള്ള അറിവ് ടാക്സി ഡ്രൈവർമാർക്ക് വേണമെന്നാണ് ചട്ടം. ടാക്സി ഓടിക്കാനുള്ള ബാഡ്ജ് ടെസ്റ്റിന് നിലവിൽ കാഴ്ച പരിശോധനയും മെഡിക്കൽ ഫിറ്റ്നസും സർക്കാർ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. റോഡ് നിയമങ്ങളിലും അടയാളങ്ങളിലും കൂടുതൽ പരിജ്ഞാനവും നിർബന്ധമാണ്. ടാക്സി ഓടിക്കുന്നതിന് എട്ടാം ക്ലാസ് വിദ്യാഭ്യാസവും അനിവാര്യമാണ്. ഇവയൊന്നുമില്ലാതെ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരും ടാക്സി ഓടിക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ബാഡ്ജ് ടെസ്റ്റ് നിലവിൽ കേരളത്തിൽ പലയിടങ്ങളിലും ചടങ്ങിന് നടത്തുകയാണെന്നും ഇവ ഇല്ലാതാകുന്നതോടെ നിരവധി സാധാരണക്കാർക്ക് തൊഴിൽ ലഭിക്കുമെന്നും മറുവിഭാഗം പറയുന്നു. ബാഡ്ജ് ഒഴിവാക്കിയത് ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കി നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും സൂചനയുണ്ട്. കാലങ്ങൾക്ക് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ ആദ്യം കേന്ദ്രസർക്കാറും പിന്നീട് സംസ്ഥാന സർക്കാറും ഉത്തരവിറക്കുന്നത് നേരത്തേ നടപ്പാക്കി പിൻവലിച്ച വിദേശ മോഡൽ ടെസ്റ്റ് സംവിധാനം തിരികെ കൊണ്ടുവരാനാണെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.